മാതൃഭൂമി ശതാബ്ദി ആഘോഷം18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാനായി പിറന്ന മാതൃഭൂമി ദിനപ്പത്രം ശതാബ്ദി നിറവിൽ. മാതൃഭൂമി നൂറാംവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരുവർഷത്തെ ആഘോഷ പരിപാടികൾ മാര്‍ച്ച്
18-ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി 1923-ൽ ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്ന ആശയവുമായി കോഴിക്കോട്ടാണ് മാതൃഭൂമി പിറന്നത്.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സരോവരം) 18-ന് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലാണ് ഉദ്ഘാടനം നിർവഹിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖപ്രസംഗം നടത്തും. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിക്കും. എം.ടി. വാസുദേവൻ നായർ ശിലാഫലകം അനാച്ഛാദനം ചെയ്യും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്റിയാസ്, മേയർ ഡോ. ബീനാ ഫിലിപ്പ്, രാഹുൽഗാന്ധി എം.പി. (ഓൺലൈൻ), എം.പി.മാരായ എം.കെ. രാഘവൻ, എളമരം കരീം, മലയാളമനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്, മാതൃഭൂമി) മയൂര ശ്രേയാംസ് കുമാർ നന്ദിയും പറയും.