മാരത്തോണിനെ പ്രണയിച്ച പെട്രോളിയം ജിയോളജിസ്റ്റ്

രശ്മി ചന്ദ്രൻ

സ്ക്കൂളിലും കോളേജിലും ഫുട്ബോളിൽ നേടിയ മികവ് ഗ്രീസിലെ ഏതൻസ് മാരത്തോണിൽ വരെയെത്തിച്ചു ഈ കാസർകോട്ടുകാരനെ. പെട്രോളിയം ജിയോളജിസ്റ്റും കാസർകോട് ചട്ടഞ്ചാൽ സ്വദേശിയുമായ ശ്രീനിവാസ് ഭട്ട് പാടൂർ ഒ.എൻ.ജി.സിയിൽ നിന്ന് വിരമിച്ച് ഗുജറാത്തിലെ വഡോദരയിൽ താമസമാണിപ്പോൾ. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാരത്തോൺ, സൈക്ലിങ് എന്നിവയിൽ കൂടുതല്‍ ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ്. ഇരുപത്തഞ്ചിലധികം ഫുൾ മാരത്തോൺ

(42.2 കിലോമീറ്റർ), അമ്പതിലധികം ഹാഫ്മാരത്തോൺ (21.1 കിലോമീറ്റർ), മൂന്ന് അൾട്രാമാരത്തോൺ (42 കിലോമീറ്ററിൽ കൂടുതൽ) ഇതു കൂടാതെ ഹിൽ മാരത്തോൺ, നൈറ്റ്മാരത്തോൺ എന്നിവയിലെല്ലാം വിജയശ്രീലാളിതനായ ശ്രീനിവാസ ഭട്ടിൻ്റെ വഡോദര സാമ
അയ്യപ്പക്ഷേത്രത്തിനടുത്തുള്ള വീട് മെഡലുകളും പാരിതോഷികങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. സ്പോർട്സ് മത്സരങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാസർകോട് ഗവ.കോളേജിൽ

നിന്ന് എം.എസ്.സി റാങ്കോടെ പാസായ ശേഷം കോട്ടയം നാട്ടകം ഗവ.കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ ലക്ച്ചററായി ജോലി ചെയ്ത ശേഷമാണ് 1984 ൽ ഒ.എൻ.ജി.സിയിൽ ജിയോളജിസ്റ്റായി ചേരുന്നത്. ഡെറാഡൂൺ, ബോംബെ ഓഫ് ഷോർ, അസം എന്നിവിടങ്ങളിലാണ് ആദ്യകാലത്ത് പ്രവർത്തിച്ചത്. പിന്നീട് 20 വർഷം ഒ.എൻ.ജി.സിയുടെ വഡോദരയിലെ വെസ്റ്റേൺ റിജിയണൽ ഓഫീസിലായിരുന്നു. ഇവിടെ

നിന്ന് ജനറൽ മാനേജരായാണ് വിരമിച്ചത്. കാസർകോട്ട് 1984 ൽ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച മാരത്തോണിൽ പങ്കെടുത്താണ് ആദ്യമായി ഓടിയത്. ഒ.എൻ.ജി.സിയിലെത്തിയപ്പോൾ ഈ രംഗത്ത് കൂടുതൽ താല്പര്യം വന്നു. അഞ്ച് കിലോമീറ്ററും പത്ത് കിലോമീറ്ററും ഓടിയാണ് ആദ്യം പ്രാക്ടീസ് ചെയ്തത്. 2010 ൽ വഡോദര
ഹാഫ്മാരത്തോണിൽ പങ്കെടുത്ത് മെഡൽ കിട്ടിയപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ പിന്നീട് നന്നായി പ്രാക്ടീസ് ചെയ്തു. 2014 ൽ മസൂരി

ഹിൽ മാരത്തോണിൽ പങ്കെടുത്തത് നല്ല അനുഭവമായിരുന്നു. വലിയ കയറ്റും ഇറക്കവുമുള്ള റോഡിലൂടെയായിരുന്നു ഓട്ടം. 2015ൽ മഹാരാഷ്ട്രയിൽ നടന്ന ഫുൾ മാരത്തോണിലും 2016 ൽ സൂറത്തിൽ നടന്ന ഹാഫ്മാരത്തോണിലും പങ്കെടുത്തു. 2016ൽ ദുബായിൽ നടന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് മാരത്തോണിൽ പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമായി ശ്രീനിവാസ് ഭട്ട് പറയുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ മാരത്തോൺ പ്രതിഭകളെ

 പരിചയപ്പെടാനും അവർക്കൊപ്പം ഓടി പാരിതോഷികം വാങ്ങാനും കഴിഞ്ഞു. 2018ൽ ഗ്രീസിലെ ഏതൻസിൽ നടന്ന ഫുൾ മാരത്തോണിൽ പങ്കെടുക്കാൻ കഠിന പരിശീലനം നടത്തി. മാരത്തോൺ ടൗൺ  മുതൽ ഏതൻസ് മാർബിൾ സ്റ്റേഡിയം വരെയാണ്  ഓടേണ്ടിയിരുന്നത്. പുലർച്ചെ എല്ലാവരെയും നൂറിലധികം ബസ്സിലാണ് തുടക്കസ്ഥലത്ത് എത്തിച്ചത്. ഒരു ആഘോഷം തന്നെയായിരുന്നു. നാല് ഡിഗ്രിതണുപ്പിൽ രാവിലെ അഞ്ചു മണിക്കാണ് ഓട്ടം തുടങ്ങിയത്.

 6-7 മണിക്കൂർ കൊണ്ടാണ് 42.2 കിലോമീറ്റർ ഫുൾ മാരത്തോൺ ഓടിയെത്തേണ്ടത്. വിശ്രമവുമാകാം. പക്ഷെ കൃത്യ സമയത്ത് ഫിനിഷ് ചെയ്യണം. കഴിഞ്ഞ വർഷം ലണ്ടൻ മാരത്തോൺ കോവിഡ് കാരണം വെർച്ച്വലായിരുന്നു. വഡോദരയിൽ ഓടുന്നത് അവർ അവിടെ ഓൺ ലൈനായി വീക്ഷിച്ച് സമയം രേഖപ്പെടുത്തി വിജയിയായി പ്രഖ്യാപിക്കും. കോവിഡ് കാലമായതിനാൽ ഇപ്പോൾ സൈക്ലിങ്ങിലാണ്

പ്രാക്ടീസ്. ഈയിടെ ഫ്രാൻസ് സൈക്ലിങ്ങിൽ 200 കിലോമീറ്റർ സൈക്കിൾ ഓടിച്ചു. വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്കും തിരിച്ചുമായിരുന്നു യാത്ര. രാവിലെ അഞ്ചു മണിക്ക് ഉണർന്ന് പ്രഭാതകൃത്യങ്ങൾ ചെയ്ത് ആറ് മണിക്ക് ഓട്ടം പ്രാക്ടീസ് ചെയ്യും. എട്ടു മണി വരെ ഇത് തുടരും. പിന്നീട് കുളിയും ഭക്ഷണവും കഴിഞ്ഞ് ഓഫീസിലേക്ക്. ഒ.എൻ.ജി.സിയിൽ ഓഫ് ഷോറിലായിരുന്നപ്പോൾ

റിഗ്ഗിനോട് ചേർന്ന ഹെലിപ്പാടിൽ പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇതുവരെ ആസ്പത്രിയിൽ കിടന്നിട്ടില്ല. പ്രഷറില്ല, ഷുഗറില്ല. ഗുളിക കഴിക്കുന്നത് തന്നെ അപൂർവ്വം, ഉന്മേഷം, ഊർജ്വസ്വലത, നല്ല ഉറക്കം, വിശപ്പ്… ഇതൊക്കെയാണ് സമ്പാദ്യം. മാരത്തോണിലൂടെ ഒരു പാട് സൗഹൃദങ്ങളുണ്ടായി. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് – ശീനിവാസ് ഭട്ട് പറഞ്ഞു. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനിയും വഡോദരയിൽ സ്ക്കൂൾ അധ്യാപികയുമായ സുനിയാണ് ഭാര്യ. എഞ്ചിനിയർമാരായ പ്രണവ് ശ്രീനിവാസ്, പാർത്ഥ ശ്രീനിവാസ് എന്നിവർ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *