മംഗളാദേവി ചിത്രാപൗര്‍ണ്ണമിക്ക് ആയിരങ്ങള്‍ എത്തി
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവത്തിന് ആയിരങ്ങൾ സാക്ഷിയായി. ഇടുക്കിയിലെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം നാടിൻ്റെ ആഘോഷമായി.
ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്ക് പുലര്‍ച്ചെ മുതല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു.
കേരളവും തമിഴ്‌നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു.
ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പ്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ നമ്പൂതിരിപ്പാടും വള്ളിയന്‍ കാവ് മേല്‍ശാന്തിയായ ബിജുകുമാര്‍ നമ്പൂതിരിയും പൂജകള്‍ക്ക് നേതൃത്വം നല്‍കി.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ സവിശേഷതയാണ്.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നേതൃത്വം നല്‍കി. എ.ഡി. എം. ഷൈജു പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തി ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ എന്നിവരും മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു.
ദര്‍ശനത്തിന് എത്തിയത് 19501 ഭക്തർ
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തിന് 19501 ഭക്തര്‍ എത്തിയതായി വനം വകുപ്പധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ 15534 പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ഇത്തവണ നാലായിരത്തോളം ഭക്തരുടെ വര്‍ധനവാണ് ഉണ്ടായത്. ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്