മണ്ഡലകാലവും മകരത്തിലെ ഉച്ചാറല്‍ വേലയും
കെ. കെ. മേനോൻ
ബാല്യകാലസ്മൃതികളെ താലോലിച്ചു മനസ്സിൽ അയവിറക്കി കൊണ്ടുപോകുന്ന കാലം. മധുരവും വേദനിപ്പിക്കുന്നതുമായ കുറെ ഓർമ്മകൾ – വേർപാടുകളും വിയോഗങ്ങളും നൊമ്പരപ്പെടുത്തുന്ന മനസ്സിൽ അനുവാദം ചോദിക്കാതെ കയറി വരുന്ന മധുരമായ അനുഭവങ്ങളുടെ അസൂയാർഹമായ ഒരു പിടി ഓർമ്മകൾ. ഓർക്കാനും ഓർത്തോർത്ത് ഉണരാനായി വെമ്പി നിന്നിരുന്ന പ്രഭാതങ്ങളും ജീവിക്കാനുള്ള പ്രചോദനങ്ങളുമായി വന്ന ഉണർവുകളും…അല്ലലറിയാതെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി മുന്നോട്ടു പോയി ക്കൊണ്ടിരുന്ന ബാല്യകാലവും സ്കൂൾജീവിതവും. ഒരു ഫുട്ബോൾ വാങ്ങാൻ കഴിയാതെ അഥവാ വാശി പിടിച്ചു വാങ്ങാൻ സാധിക്കാതെ പോയ നാളുകളിൽ ടെന്നീസ് ബോൾ കൊണ്ട് ഫുട്ബോൾ കളിച്ചു നടന്ന കാലങ്ങൾ.
ഒരുപക്ഷെ പെലെയെപ്പോലെയോ, മറഡോണയെപ്പോലെയോ കളിക്കാൻ സാധിക്കുമെന്നുള്ള അഹങ്കാരം ഉള്ളിൽ വെച്ച് നടന്ന കാലങ്ങൾ. പഴയ നാലുകെട്ടിന്റെ പടിഞ്ഞാറെ മുറ്റത്തു സ്നേഹിതരുമായി ഫുട്ബാൾ കളിച്ചു നടന്ന കാലങ്ങൾ. സ്കൂൾ വിട്ട് വന്നാൽ അമ്മയുണ്ടാക്കി വെച്ചിരുന്ന കാപ്പിയും മധുരപലഹാരങ്ങളും അടതട്ടിയും അവിൽ കുഴച്ചതും എല്ലാം കഴിച്ചു സന്ധ്യക്ക് വിളക് വെക്കുന്നത് വരെയുള്ള കളി ഒരു ദിനചര്യ ആയിരുന്നു. അച്ഛന്റെ അമ്മയുടെ വിളി കേട്ട മാത്രയിൽ കളി നിർത്തി കുളിക്കാനുള്ള ഓട്ടമാണ്. അത് കഴിഞ്ഞു നാമം ചൊല്ലലും ശേഷം അത്താഴവും പഠിപ്പും.
ആദ്യമായി ഫുട്ബോൾ വാങ്ങിച്ചു തന്ന അച്ഛനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്ത ഓർമ്മ ഇന്നും മറയാതെ മനസ്സിലുണ്ട്. എന്നും കളിച്ചു വന്നാൽ ഫുട്ബോൾ വൃത്തിയാക്കി എന്റെ കട്ടിലിന്റെ കീഴെ വെച്ചാണ് ഉറങ്ങാറുള്ളത്. ബാല്യകാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഓണക്കാലവും മണ്ഡലകാലവും ഉച്ചറൽവേലയും ഇന്നും മനസ്സിൽ മായാതെയുണ്ട്. ഓണക്കാലങ്ങൾ എല്ലാവർക്കുമെന്നപോലെ എനിക്കും കുറെ നല്ല ഓർമകൾ തന്നിട്ടുണ്ട്. പഴയ തറവാട്ടിന്റെ നടുമുറ്റത്തിന്റെ ആരികിലുള്ള ഇടനാഴിയിൽ നിരത്തി കെട്ടിതൂക്കിയിരുന്ന
പഴക്കുലകൾ, കുടിയാന്മാർ കാഴ്ച വെച്ചിരുന്ന പച്ചക്കറികൾ, നെയ്, പപ്പടം, കത്തികൾ, പുല്ലുപായകൾ… അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
അച്ഛന്റെ തറവാട് ആ പ്രദേശത്തെ വലിയ ജന്മിമാരുടേതായിരുന്നു. ജന്മിമാർക്കു വർഷത്തിലൊരിക്കൽ കുടിയാന്മാർ സമർപ്പിക്കുന്ന ഓണക്കാഴ്ചകൾ. സമൃ ദ്ധിയുടെ നാളുകൾ. ഓണക്കാലത്തു വന്നുചേർന്ന അതിഥികൾ തിരുവോണസദ്യയും കഴിഞ്ഞു തിരിച്ചു പോയി കഴിഞ്ഞാലുള്ള നൊമ്പരം. ആ നൊമ്പരത്തിനാക്കം കൂടാനായി ഒരു ചെറിയ വെയിലും, മഴചാറലും. അടുത്ത ഓണകാലത്തിനായുള്ള കാത്തിരുപ്പ് വീണ്ടും…ഓണാക്കാലം കഴിഞ്ഞാൽ മണ്ഡലകാലത്തിനായുള്ള കാത്തിരുപ്പു തുടങ്ങും. ശബരിമലയാത്ര അച്ഛന്റെയും മറ്റു ബന്ധുക്കളുടെയും കൂടെ കാറിൽ മൂന്നു ദിവസം എടുക്കാറുണ്ട്. ഹോട്ടൽ
ഭക്ഷണം, കാണാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്ര എല്ലാം ഒരാവേശമായിരുന്നു. പൊൻകുന്നം, മണിമല, റാന്നി, എരുമേലി തുടങ്ങി അതുവരെ കാണാത്ത സ്ഥലങ്ങൾ, റബ്ബർ തോട്ടങ്ങളിലൂടെയുള്ള യാത്ര എല്ലാം വേറിട്ട അനുഭങ്ങളായിരിന്നു. കൂടാതെ അയ്യപ്പൻകാവിലെ അയ്യപ്പൻവിളക്, കോമരങ്ങളുടെ നൃത്തം, വീട്ടിൽ വന്ന് അച്ഛന്റെ മുന്നിൽ ഉറഞ്ഞു തുള്ളി കല്പന, വീട്ടിൽ വെച്ച് നടത്താറുള്ള അയ്യപ്പപൂജ, ഭജന അങ്ങനെ പോകുന്നു മണ്ഡലകാലത്തെ കുറിച്ചുള്ള ഓർമ്മകൾ.
അയ്യപ്പപൂജ കഴിഞ്ഞുള്ള അന്നദാനത്തിന് ഉണ്ടാകാറുള്ള ചക്കപ്രഥമന്റെ രുചി എപ്പോഴും എന്റെ നാവിലുണ്ട് .
മണ്ഡലകാലം കഴിഞ്ഞു വരുന്ന മകരമാസത്തിൽ ആഘോഷിക്കാറുള്ള പുതനാൽ കാവ് ഭഗവതി ക്ഷേത്രത്തിലെ വളരെ പ്രശസ്തമായ ഉച്ചാറല്‍
വേല. മകരമാസം ഒന്നിനു കൊടിയേറി , മുപ്പത് ദിവസങ്ങളിൽ തോൽപ്പാവക്കൂത്തും (രാമായണത്തിലെ കഥകളാണ് പ്രമേയം) അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് മകരം മുപ്പതിനു നടക്കുന്നഉച്ചാറല്‍വേല അഥവാ കാളവേല വളരെ പ്രശസ്തമാണ്. കർഷകർ അവരുടെ കന്നുകാലികളുടെ ആരോഗ്യത്തിനും ഐശ്വര്യങ്ങൾക്കുമായി ഭാഗവതിക്കു സമർപ്പിക്കുന്ന ഇണക്കാള കോലങ്ങൾ – വൈക്കോൽ കൊണ്ട് കെട്ടിയുണ്ടാക്കി, മുരിക്കുമരം കൊണ്ട് കാളയുടെ മുഖം ഉണ്ടാക്കി അരളിപൂമാലകൾ ചാർത്തി, വെള്ള, ചുവപ്പ് തുണി കൊണ്ട് പൊതിഞ്ഞ് നന്നായി അലങ്കരിച്ച് നിരവധി ആളുകൾ ചേർന്ന് പൊക്കിയെടുത്തു ക്ഷേത്രത്തിലേക്കു കൊണ്ടു വന്നു ഭഗവതിയുടെ മുന്നിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ഓരോ തട്ടകത്തു നിന്നും ദേശത്തു നിന്നും വരുന്ന ഇണക്കാള കോലങ്ങൾക്ക് അകമ്പടിയായി വാദ്യമേളങ്ങൾ, തിറ, പൂതൻ, തട്ടിന്മേൽ കൂത്ത് തുടങ്ങി നിരവധി ദൃശ്യ ശ്രവ്യ വിസ്മയങ്ങൾ ഉണ്ടാവും. വീട്ടുമുറ്റത്തു വന്ന് അച്ഛന്റെ അമ്മയെ കണ്ട് വണങ്ങി വേല
പോയി കഴിഞ്ഞാൽ അവിടമാകം അരളിപ്പൂവിന്റെ ഗന്ധം ഉണ്ടാകും, കൂടെ മനസ്സിൽ ദുഖവും… ഒരു നീണ്ട കാത്തിരിപ്പിന് വിരാമം ആയല്ലോ എന്നോർത്ത്. മുറ്റത്തു വീണു കിടന്നിരുന്ന അരളിപ്പൂക്കൾ എടുത്ത് ദൂരെ കാളവേല ദൃഷ്ടിയിൽ നിന്നും മറയുന്ന വരെ നോക്കി നിന്നത് ഓർമ്മയിൽ തെളിയുന്നു.
ഇതെല്ലാം എന്റെ ബാല്യകാലത്തെ ചില അനുഭവങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമാണ്. ഇത് വായിക്കുന്ന എല്ലാവർക്കും നല്ല ബാല്യകാലസ്മരണകൾ ഉണ്ടാവാം. പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം വേറിട്ട അനുഭവങ്ങൾ ആയിരിക്കാം. ഓണകാലവും ശബരിമലയാത്രയും അയ്യപ്പൻവിളക്കും ഉച്ചാറല്‍ വേലയും ഇണക്കാള കോലങ്ങളും എല്ലാം ഇന്നുമുണ്ട്. പക്ഷെ കാലത്തിനനു സരിച്ച മാറ്റങ്ങൾ ഇന്നു വേറിട്ട അനുഭവങ്ങൾ നമുക്കു കാഴ്ച വെക്കുന്നു. മണിമലയാറും, റാന്നിയും, റബ്ബർ തോട്ടങ്ങളും ഇന്ന് മാറി. നാഗരികതയുടെ ശാപങ്ങൾ അവയെ മാറ്റി മറിച്ചു. എന്റെ വള്ളുവനാടൻ ഗ്രാമത്തിന്റെ മുഖഛായ മാറിയ പോലെ. കാലത്തെ അതിജീവിക്കുന്ന പച്ചയായ ഓർമകളുമായി നമ്മൾ മുന്നോട്ടു പോകുന്നു. വിശാലമായ തൊടിയിലെക്കടിച്ച് കാണാതെ പോയ ടെന്നീസ്സ് ബോളിനു വേണ്ടിയുള്ള നീണ്ട തിരച്ചിലും തലയിൽ വാളു കൊണ്ട് വെട്ടി കല്പന ചെയ്തിരുന്ന കോമരം കുട്ടൻ നായരും എരുക്കിൽ മുള്ളു കൊണ്ട് തുന്നികൂട്ടിയ ഇണക്കാള കോലങ്ങളുടെ മുകളിൽ കയറി ഇരുന്ന അനുഭവും, എല്ലാം ഒരു ഫ്ലാഷ്ബാക്ക് പോലെ ഒരായിരം വർണച്ചിത്രങ്ങൾ മനസ്സിൽ വരക്കുന്നു.
മനസ്സിൽ സൂക്ഷിച്ചു വെച്ച് ആരോടും പറയാൻ കഴിയാതെ പോയ നിരവധി മോഹങ്ങൾ – ഒരു പക്ഷെ തുറന്നു പറയാനുള്ള ആത്‍മവിശ്വാമോ ധൈര്യമോ ഇല്ലാത്തതു കൊണ്ടാവാം. ആ വസന്തകാലങ്ങളിലേക്കൊന്നു പാറിപറന്നു പോയിവരുവാൻ കൊതിക്കുന്ന മനസ്സിനോട് മന്ത്രിക്കും:
വയലാർ എഴുതിയ പോലെ
” മനസ്സോരു മയിൽ പേടാ, മണിച്ചിറകുള്ള മയിൽ പേടാ ”
ഈ അവസരത്തിൽ മണ്മറഞ്ഞു പോയ, പ്രശസ്ത സംവിധായകൻ ജയ്സി പറഞ്ഞ വാക്കുകൾ ഓർത്തു പോകുകയാണ്.
” ഇന്നലെകളെ കുറിച്ച് ആലോചിക്കുമ്പോഴാണ് നാം ഇന്നെത്ര ദാരിദ്രർ ആണെന്ന് മനസ്സിലാകുന്നത്. ”
(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)
എന്നത്തേതും പോലെ ഈ എഴുത്തും അത്യന്തം ഹൃദ്യമായി. ഓർമ്മകളിലൂടെയുള്ള ഒരു സഞ്ചാരം. അഭിനന്ദനങ്ങൾ!!ഇനിയും സൃഷ്ടികൾ ജനിക്കട്ടെ!
അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. ഇനിയും തുടർന്നെഴുതാനുള്ള പ്രചോദാനവും അതു മാത്രം
മധുരതര മായ ഓർമ്മകൾ….. അതിമനോഹരമായ ചിത്രങ്ങൾ ഒഴുക്കുള്ള രചന അഭിനന്ദനങ്ങൾ
വായനക്കാരന്റെ ആസ്വാദനവും പ്രോത്സാഹനവും ആണ് ഒരെഴുത്തുകാരന് ഊർജവും ഉന്മേഷവും പകരുന്നത്. താങ്കളുടെ അഭിപ്രായങ്ങൾക്കു വളരെ നന്ദി.
ആ കഴിഞ്ഞ കാലങ്ങളിലൂടെ,അക്ഷരാ൪ത്ഥത്തിൽ തന്നെ,ഒരു യാത്ര..ഹൃദ്യമായ ,ലളിതമായ ശൈലി
അഭിപ്രായങ്ങൾക്കും അനുമോദനങ്ങൾക്കും വളരെ നന്ദി!
പഴയ കാലത്തേക്കുള്ള ഹ്റ്ദ്യമായ യാത്ര.
അഭിപ്രായത്തിനു വളരെ നന്ദി!!
Nostalgic anecdotes. More so for me because I have witnessed these events. The fireworks after the Ayyappankave utsavam was a treat. The street vending was another piece of attraction. Nice blog. Keep writing.
I’m happy you were able to relate to the contents of the article so well as you have seen and experienced the rituals and colourful events of those times. Needless to say, they are only memories now as you won’t be able to see any of those things,mentioned in my article, now. Thank you for the comments and compliments.
വളരെ നന്നായിരിക്കുന്നു…ലളിതമായ ഭാഷ അവതരണം
അനുമോദനങ്ങൾക്കു നന്ദി. ലേഖനം ഇഷ്ടപ്പെട്ടു എന്നു അറിയുമ്പോൾ വളരെ സന്തോഷം!!
എത്ര മനോഹരമായാണ് ആ ഓർമ്മകൾ എഴുതിയിരിക്കുന്നത്… വായിക്കുമ്പോൾ നമ്മളും അതിനൊപ്പം സഞ്ചരിക്കുന്നു.. അതിമനോഹരം…
അനുമോദങ്ങൾക് വളരെ നന്ദി. വായനക്കാരന്റെ ആസ്വാദനമാണല്ലോ ഒരു എഴുത്തുകാരാന് പ്രചോദനം നൽകുന്നത്! നല്ല ഓർമ്മകൾ സുന്ദരങ്ങളാണ്, അവയ്ക്കു മരണമില്ല.അവ എന്നും നമ്മുടെ മനസ്സുകളിൽ ഉണ്ടായിരിക്കും.
കഴിഞ്ഞ കാലങ്ങളിലൂടെയുള്ള അങ്ങയുടെ യാത്ര വളരെ മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങൾ 🙏.
പോയ കാലങ്ങളിലെ നല്ല ഓർമ്മകൾ അയവിറക്കുമ്പോൾ കാലങ്ങളുടെ മാറ്റങ്ങൾ നാം മനസ്സിലാക്കുന്നു. ആ ബാല്യവും കൗമാരവും നൽകിയ അനുഭവങ്ങൾ എന്നും മായാതെ, മറയാതെ നമ്മുടെ മനസ്സുകളിൽ ഉണ്ടായിരിക്കും. അനുമോദനങ്ങൾക്ക് നന്ദി!
Simple yet vivid portrayal of the social settings half a century old, but still fresh in memory. Enjoyed.
Happy to note that you liked the write-up and thank you for the comments! Good memories of our childhood will remain in our minds forever and we value them. Those were the happy, carefree days which gave us unforgettable times in our life.
വളരെ മനോഹരമായി പഴയ സുവർണ കാലങ്ങളിലേക്ക് കൊണ്ടുപോയി.. നാട്ടിൽ വളർന്നവർക്കെല്ലാം ഈ ഓർമകളിലൂടെ കടന്നു പോകൽ ഒരു രോമാഞ്ചം കൊള്ളിക്കുന്ന അനുഭൂതി തന്നെ ആയിരിക്കും..അന്നത്തെ കാലത്തെ ശബരിമല യാത്രയും ഒരു മനസ്സ് കുളിർപ്പിക്കുന്ന അനുഭവമാണ്….. നന്ദി ഇനിയും എഴുതു 👍👍👏👏👏❤️❤️😍😍
ഗതകാലസ്മരണകൾ അയവിറക്കുമ്പോൾ ആണ് നാം ജീവിച്ചുപോയ, ഇനി ഒരിക്കലും തിരിച്ചു വരാത്ത, ആ നല്ല കാലങ്ങളെക്കുറിച്ച് ബോധവാൻ ആകുന്നത്. ഇനി വരുന്ന തലമുറകൾക്കു ഒരിക്കലും സങ്കല്പിക്കാൻ പോലും കഴിയാത്ത നമ്മളുടെയൊക്കെ കുട്ടിക്കാലങ്ങൾ, അന്നത്തെ ആചാരങ്ങൾ, സ്നേഹബന്ധങ്ങൾ, ഒരു പക്ഷെ അവർക്കതെല്ലാം ഒരു പുതിയ അറിവും അനുഭvaവും ആയിരിക്കും. അഭിനന്ദനങ്ങൾക്ക് വളരെ നന്ദി.
ഹൃദ്യമായ എഴുത്ത്. പഴയകാല ഓർമ്മകളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ. ഞങ്ങളുടെ ഭാഗത്തേക്ക് കാളവേല ഇല്ല തോന്നുന്നു. ഉച്ചവെയിൽ ആറിയ ശേഷമായതു കൊണ്ടാണോ ഉച്ചാറൽ എന്ന പേര്?! പഴയകാലത്തേക്കുള്ള മടക്കം രസം തന്നെ!
അനുമോദനങ്ങൾക്ക് നന്ദി. നല്ല ഓർമകൾ സുന്ദരങ്ങൾ ആണ്. അവയെന്നും നമ്മൾ മനസ്സിൽ താലോലിച്ചുകൊണ്ടിരിക്കും. കാലം കടന്നു പോകുമ്പോൾ അവയുടെ സൗന്ദര്യവും ഏറുന്നു. മനസ്സിൽ, അനുവാദം ചോദിക്കാതെ, കയറി വരുന്ന നറുനൊമ്പരങ്ങൾ, ആ ഓർമകളുടെ അഗാധത അല്ലെങ്കിൽ തീവ്രത കൂട്ടുന്നു.
Your talent to express the experience of the yester years is so beautiful.
Thank you hari for the most sincere commemts, though belated!!