അത്തച്ചമയത്തിന്റെ മതസൗഹാര്‍ദ വെളിച്ചം പടരട്ടെ: മുഖ്യമന്ത്രി
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നല്‍കുന്ന മത സൗഹാര്‍ദത്തിന്റെ വെളിച്ചം എല്ലാ ദിക്കിലേക്കും പടരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന ആഘോഷമാണ് അത്തച്ചമയം. കരിങ്ങാച്ചിറ കത്തനാരും, ചെമ്പിലരയനും, നെട്ടൂര്‍ തങ്ങളും, രാജകുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് നയിച്ച അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവം വര്‍ത്തമാനകാല ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1946 വരെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം. പിന്‍കാലത്ത് ചടങ്ങിന്റെ ജനകീയത മുന്‍നിര്‍ത്തി ജനകീയ സമിതി ഏറ്റെടുക്കുകയായിരുന്നു. രാജവാഴ്ച കാലത്ത് ഏറ്റവും ഒടുവിലായി രാജവര്‍മ്മ പരിഷത്ത് മഹാരാജാവാണ് അത്തച്ചമയത്തിന് നേതൃത്വം നല്‍കിയത്. ഇന്ന് തൃപ്പൂണിത്തുറ നഗരസഭയാണ് നേതൃത്വം നല്‍കുന്നത്.
ലോകത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് സാധിക്കും. കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും ഇല്ലാത്ത സമത്വത്തിന്റെ ഒരു കാലമാണ് ഓണം നല്‍കുന്ന സന്ദേശം. ഓണത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി.രാജീവ് അത്തപതാക ഉയര്‍ത്തി അത്തംനഗറില്‍ (ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്) നടന്ന ഘോഷയാത്ര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ രാജനഗരിക്ക് വര്‍ണ്ണക്കാഴ്ചയൊരുക്കി നിശ്ചല ദൃശ്യങ്ങളും, നാടന്‍ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഘോഷയാത്രയുടെ ഭാഗമായി.
ഉദ്ഘാടന സമ്മേളനത്തിൽ കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, തോമസ് ചാഴിക്കാടന്‍ എം.പി, അനൂപ് ജേക്കബ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ സുഭാഷ്, അത്തച്ചമയ ഘോഷയാത്ര ജനറൽ കൺവീനർ കെ.വി. സാജു തുടങ്ങിയവര്‍ പങ്കെടുത്തു.