പ്രവാസി ലോകത്തിന്റെ വിഭവശേഷി പ്രയോജനപ്പെടുത്തണം- മുഖ്യമന്ത്രി
കുവൈറ്റ് അപകടത്തിൽ ലോകകേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നമ്മുടെ സാമൂഹിക – സാമ്പത്തിക ഘടനയെ ഒന്നാകെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഉപാധിയായി പ്രവാസത്തെ പ്രയോജനപ്പെടുത്താൻ
ലോകത്തെമ്പാടുമായി പടർന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ലോക കേരളസഭ എന്ന വേദിയിൽ സമ്മേളിക്കുന്നത്. കേരളത്തെ ലോകത്തെമ്പാടും എത്തിച്ച കേരളീയരുടെ പ്രവാസ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാൽ ലോകമാകെയുള്ള കേരളീയ പ്രവാസികളെ തിരികെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കാൻ നമുക്കു കഴിഞ്ഞതിന് കഴിഞ്ഞ 7-8 വർഷത്തെ ചരിത്രമേയുള്ളൂ. അത് സാധ്യമാക്കിയ ലോക കേരള സഭയുടെ നാലാമത്തെ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്.
ലോകത്തെ മികവുറ്റ ഗവേഷണ കേന്ദ്രങ്ങളിൽ, മികവുറ്റ എൻജിനിയറിങ് കമ്പനികളിൽ, സേവന മേഖലകളിൽ എല്ലാം മലയാളിയുടെ വിരൽപ്പാട് പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അത് നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് ഉപയോഗിക്കാൻ കഴിഞ്ഞോ എന്നു ചോദിച്ചാൽ ഇല്ലെന്നു മറുപടി പറയേണ്ടിവരുന്ന കാലമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസിസമൂഹത്തിൽ നിന്നുള്ള ആശയങ്ങളെയും പ്രതിഭകളെയും നമ്മുടെ സാമൂഹിക ഘടനയിലേക്കു സ്വാംശീകരിക്കുക എന്ന ലക്ഷ്യത്തോടെ ലോക കേരളസഭയ്ക്കു രൂപം നൽകിയത്.
വിദേശത്തുള്ളവരുടെ പ്രജ്ഞയെയും പ്രതിഭയെയും നമ്മുടെ വിജ്ഞാന സമൂഹത്തിനായി പുതിയ തലമുറയ്ക്കായി ഉപയോഗപ്പെടുത്താൻ നടപടി എടുക്കുക, വിദേശത്തുള്ളവരുടെ വിഭവങ്ങൾ അവരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഈ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ-ക്ഷേമ കാര്യങ്ങൾക്ക് പരിമിതികൾക്കുള്ളിൽ നിന്നു ചിലതു ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ – മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഈ സർക്കാർ കാത്തിരിക്കുന്നതായും ലോക കേരളസഭയുടെ സമീപന രേഖ സമർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് ലോകകേരള സഭ ആരംഭിച്ചത്.
പ്രസീഡിയം അംഗങ്ങളെ സ്പീക്കർ എ.എൻ. ഷംസീർ വേദിയിലേക്ക് ക്ഷണിച്ചു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എട്ട് വിഷയാധിഷ്ഠിത ചർച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടന്നു.