നാല് ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടുക്കി കരിമണ്ണൂരിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കടമ്പൂരിൽ മുഖ്യമന്ത്രി നിർവഹിച്ചു

ലൈഫ് മിഷനിലൂടെ 3.5 ലക്ഷം കുടുംബങ്ങൾക്ക് വീടു നിർമ്മിച്ച് നൽകാൻ സർക്കാരിന് കഴിഞ്ഞു. 25 ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ് വിവിധ ഇടങ്ങളിലായി നടന്നു വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അന്‍പതിനായിരത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു. 64,585 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സ്വന്തം വീടെന്ന എല്ലാവരുടേയും സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിമണ്ണൂര്‍ വേനപ്പാറയില്‍ ഭവന സമുച്ചയ അങ്കണത്തില്‍ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് സംസാരിച്ചു.

50 സെന്റില്‍ നിര്‍മ്മിച്ച ഭവനസമുച്ചയത്തിൽ നാലു നിലകളിലായി 42 ഭവനങ്ങളും പൊതു ആവശ്യത്തിനുള്ള അംഗന്‍വാടിയും, വയോജന കേന്ദ്രം എന്നിവയും ഉണ്ട്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ടെക്നോളജി ഉപയോഗിച്ച് സിമന്റുo ഇഷ്ടികയും ഇല്ലാതെ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ഭവന സമുച്ചയമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *