ദുർബല വിഭാഗത്തിന് നിയമ പരിരക്ഷ ഉറപ്പാക്കണം: ജസ്റ്റിസ് ഉമേഷ് ഉദയ് ലളിത്
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രത്യേക വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് ലീഗൽ സർവ്വീസ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉമേഷ് ഉദയ് ലളിത് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവത്തിന്റെ ഭാഗമായി കേരള ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്ക് നിയമ സഹായം എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾ
തങ്ങൾക്കു വേണ്ടിയുള്ളതാണെന്നോ അത് പ്രയോജനപ്പെടുത്തേണ്ടത് തങ്ങളുടെ അവകാശമാണെന്നോ മനസിലാക്കാൻ കഴിയാത്തവരിൽ പലർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അതിനുള്ള അറിവ് അവർക്കില്ലെന്നും അർഹിക്കുന്നവർക്ക് സൗജന്യ നിയമ സഹായം ലഭ്യമാ
ക്കണമെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു. അർഹരായ ആളുകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ ലീഗൽ സർവ്വീസ് സൊസൈറ്റി വഴി സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുക്കിനും മൂലയിലും സൊസൈറ്റിയുടെ സേവനം എത്തിക്കണം. ഇന്ത്യൻ
ഭരണഘടന, അർഹതയുള്ള ഓരോ പൗരനും സൗജന്യ നിയമസഹായം ഉറപ്പ് തരുന്നുണ്ട്. ഇത് നൽകാൻ സംവിധാനമുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രാപ്തരാക്കുന്ന വിധത്തിൽ ബോധവൽക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെൽസ എക്‌സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരൻ, ഡി ജി പി അനിൽ കാന്ത്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്.എസ്. ബാലു എന്നിവർ സംസാരിച്ചു.