ക്ഷേത്ര കലാപുരസ്കാരം രാമച്ചാക്യാർക്ക് സമ്മാനിച്ചു

2024 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമച്ചാക്യാർക്ക് മന്ത്രി  വി.എൻ.വാസവൻ സമ്മാനിച്ചു. കഥകളി ഉൾപ്പെടെയുള്ള ക്ലാസിക്കൽ കലകൾക്ക് പ്രോൽസാഹനം നൽകുന്നതിൽ ക്ഷേത്രങ്ങൾ ഏറെ സംഭാവന നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്ര പശ്ചാത്തല വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിയുന്നതും വേഗം പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 55,555 രൂപയും ഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൂടിയാട്ടം കലാകാരനായും അദ്ധ്യാപകനായും ആറു പതിറ്റാണ്ടായി കലാമണ്ഡലം രാമച്ചാക്യാർ രംഗത്തുണ്ട്. തൃശൂർ പൈങ്കുളത്ത് കൊയപ്പ ചാക്യാർ മഠത്തിൽ 1950 ഡിസംബർ 13നാണ് ജനിച്ചത്.

കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരച്ചാക്യാരും കൊയപ്പ കാവൂട്ടി ഇല്ലോടമ്മയുമാണ് മാതാപിതാക്കൾ.1965 ൽ കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം  ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. മാതുലൻ കൂടിയായ ആചാര്യൻ പൈങ്കുളം രാമച്ചാക്യാരുടെ കീഴിൽ പഠനം.1976 ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപകനായി.

ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം വകുപ്പ് അധ്യക്ഷനായിരുന്നു. വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുനാഥൻ പൈങ്കുളം രാമച്ചാക്യാരോടൊപ്പവും ഡോ.അമ്മന്നൂർ മാധവച്ചാക്യാരോടൊപ്പവും നിരവധി അരങ്ങുകളിൽ കൂടിയാട്ടം അവതരിപ്പിച്ചു.

ഒട്ടേറെ വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാർഡുകൾ, കലാമണ്ഡലം അവാർഡ്, കേരള സർക്കാറിൻ്റെ നൃത്തനാട്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 2022 മുതൽ കലാമണ്ഡലം കല്പിത സർവ്വകലാശാല കൂടിയാട്ടം വിഭാഗം ഡീൻ ആയി പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *