ഗുരുവായൂരിൽ കൃഷ്ണഗീതി ദിനം ആഘോഷിച്ചു
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ കൃഷ്ണ ഗീതി ദിനം ആഘോഷിച്ചു. കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികവിനുള്ള മാനവേദ സുവർണ്ണ മുദ്രയും വാസു നെടുങ്ങാടി സുവർണ്ണ മുദ്രയും ചടങ്ങിൽ സമ്മാനിച്ചു. ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത ഒരു പവൻ സ്വർണ്ണ പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മാനവേദ സുവർണ്ണ പുരസ്കാരം. കൃഷ്ണനാട്ടം രചിച്ച ശ്രീമാനവേദ കവിയുടെ സമാധിയിൽ
പ്രഭാതഭേരിയോടെ ചടങ്ങ് തുടങ്ങി. വൈകിട്ട് സമാധിയിൽ പുഷ്പാർച്ചന നടത്തി. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. ഗുരുവായൂരപ്പൻ്റെ സ്വത്തായ കലയാണ് കൃഷ്ണനാട്ടമെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണനാട്ടത്തിലെ ചുട്ടിക്കും വേഷങ്ങൾക്കും കഥകളിയുടെ
ഛായയാണ്. കൃഷ്ണനാട്ടത്തിലെ വേഷത്തിന് നൽകുന്ന പ്രാധാന്യം അഭിനയത്തിന് കൂടി നൽകണമെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നവരസങ്ങൾ അദ്ദേഹം സദസ്സിൽ അഭിനയിച്ചു.
ഈ വർഷത്തെ മാനവേദ സുവർണ്ണ മുദ്ര നേടിയ കൃഷ്ണനാട്ടം കളരിയിലെ ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണൻ, വാസു നെടുങ്ങാടി സുവർണ്ണ മുദ്ര നേടിയ വേഷം ആശാൻ സി. സേതുമാധവൻ എന്നിവരെ ദേവസ്വം ഭരണസമിതി അംഗം എ.വി.പ്രശാന്ത് പരിചയപ്പെടുത്തി.
ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് പുരസ്കാരങ്ങൾ സമ്മാനിച്ചു. അരങ്ങുകളിയിൽ മികവ് പുലർത്തിയ കലാകാരന്മാർക്കും പ്രശ്നോത്തരി, ഉപന്യാസ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം കെ. അജിത് സ്വാഗതം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം ഇ.പി.ആർ.വേശാല ചടങ്ങിൽ സന്നിഹിതനായിരുന്നു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദി പറഞ്ഞു