ഗുരുവായൂരപ്പന് കാണിക്കയായി കൃഷ്ണഗാഥയും മഹാഭാരതവും

ശ്രീഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിൽ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങൾ. പഴയ മലയാള ലിപിയിൽ എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹർഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ്. താളിയോലകൾക്ക് ഒന്നേകാൽ അടിയോളം നീളം വരും. നാലര ഇഞ്ച് കനവും. അമൂല്യങ്ങളായ ഈ താളിയോല ഗ്രന്ഥങ്ങൾ 2020ൽ ഒരു പുരാവസ്തുവിൽപ്പനക്കാരനിൽ നിന്ന്

വാങ്ങിയതാണെന്ന് ഹർഷ വിജയ് പറഞ്ഞു. ഗുരുവായൂരപ്പൻ്റെ ഇഷ്ട ഭക്തനായിരുന്ന ചെറുശ്ശേരി രചിച്ച ഭക്തി കാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമായ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും വിളിച്ചോതുന്ന കൃഷ്ണഗാഥയുടെ 1828 ൽ എഴുതപ്പെട്ട പകർപ്പാണിതെന്ന് കരുതുന്നു. മഹാഭാരതം പകർപ്പ് 1889 ൽ എഴുതിയതാണെന്ന് സൂചനയുണ്ട്.

കളമെഴുത്തു കലാകാരനായ മണികണ്ഠൻ കല്ലാറ്റ് ഈയിടെ കളമെഴുത്തു പാട്ടുമായി ഹൈദ്രാബാദിൽ ഹർഷ വിജയിയുടെ വീട്ടിലെത്തിയിരുന്നു. താൻ ഈ ഗ്രന്ഥങ്ങൾ വാങ്ങിയ കാര്യം അദ്ദേഹം മണികണ്ഠനോട് പറഞ്ഞു. തുടർന്ന് ഈ ഗ്രന്ഥങ്ങൾ ഗുരുവായൂരപ്പന് സമർപ്പിക്കണമെന്ന ആഗ്രഹം

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിനോട് ഹർഷ വിജയ് പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ അനുമതിയെ തുടർന്നാണ് ഹർഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി മക്കളായ ഗഗന പ്രിയ, മേഘനസുധ, ശ്രീ ഗണേഷ്, ഭാനുമതി എന്നിവർ ഗുരുവായൂരിലെത്തി ഗ്രന്ഥങ്ങൾ സമർപ്പിച്ചത്.

ചടങ്ങിൽ ക്ഷേത്രം അസി.മാനേജർ ഷാജു ശങ്കർ, പബ്ലിക്കേഷൻസ് അസി. മാനേജർ കെ.ജി.സുരേഷ് കുമാർ. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, മണികണ്ഠൻ കല്ലാറ്റ് എന്നിവർ സന്നിഹിതരായിരുന്നു.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *