ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം, ഞങ്ങൾ കോവിഡുകൾ തിരിച്ചു പോകുന്നു

ഡോ.യു.പി.രാധിക

മനുഷ്യവർഗത്തിൽ പെട്ട ചിലരുടെ തെറ്റായ ചെയ്തികൾ  കാരണം പ്രകൃതി വീഴ്ത്തിയ കണ്ണീരിന് ഞങ്ങളുടെ ഈ ആക്രമണം ഒരിക്കലും ഒരു പരിഹാരമാവില്ല എന്നറിയാം. എന്നാലും ഒരു ഓർമപ്പെടുത്തൽ. ഈ ദൗത്യം ചിലരുടെയെങ്കിലും  കണ്ണുകൾ തുറപ്പിക്കുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ
– കോവിഡുകളുടെ ഭാഗത്തു നിന്നൊരു ചിന്ത 
ഞങ്ങൾ തിരിച്ചു പോകുന്നു…. വിശ്വസിക്കാൻ പ്രയാസമാണല്ലേ? ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇത്ര വലിയൊരു മാറ്റം ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നത്തെ കണക്കു പ്രകാരം ഭൂമിയിൽ കോവിഡ് ബാധ കാരണമായുളള മരണം രണ്ടു ലക്ഷത്തോടടുക്കുന്നു. ലോകത്താകെ ഇതുവരെ ഏകദേശം ഇരുപത്തെട്ട്‌‌ ലക്ഷത്തിലധികം മനുഷ്യർ രോഗത്തിന് അടിമപ്പെട്ടു. എന്നാൽ അടുത്ത കാലംവരെ ഈ മാറ്റത്തിന് പ്രധാന കാരണക്കാരായ ഞങ്ങളെക്കുറിച്ച് ആർക്കും ഒരു കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.

ഞങ്ങൾ വൈറസ് കുലത്തിൽപ്പെട്ട കൊറോണവർഗത്തിലെ അംഗങ്ങൾ,  പരിണാമത്തിന്റെ ആദ്യദശയിൽ തന്നെ ഭൂമിയിലെത്തിയിരുന്നു.  ഞങ്ങളുടെ മുതു മുതു മുത്തച്ഛന്മാർ പല രൂപങ്ങളിൽ, ഭാവങ്ങളിൽ, ഭൂമിയിൽ വാണു.  കൂട് വിട്ട് പുതിയ കൂട് തേടിയുള്ള ജീവന്റെ യാത്രയിൽ എങ്ങിനെയയോ ഞങ്ങളുടെ കുടുംബം ചൈനയിലെ  വനാന്തരങ്ങളിൽ എത്തിപ്പെട്ടു. അവിടെ വവ്വാലുകളുടെയും പന്നികളുടെയും ഉറുമ്പുതീനികളായ പാൻഗോലിൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു തരം ഈനാംപേച്ചികളുടെയുമൊക്കെ കൂടെ ആരെയും ഉപദ്രവിക്കാതെ, ആരാലും ഉപദ്രവിക്കപ്പെടാതെ, ഞങ്ങൾ  സ്വൈര്യവിഹാരം നടത്തി.

ഡോ.യു.പി.രാധിക

ഞങ്ങൾക്ക് ഒരിക്കലും തനിച്ചൊരു നിലനിൽപ്പ് സാദ്ധ്യമായിരുന്നില്ല.  പരാശ്രയമില്ലാതെ ഞങ്ങൾക്ക് ജീവിതമില്ല.  അത് ഞങ്ങളുടെ ജനിതകഘടനയുടെ ഒരു പ്രത്യേകതയാണ്. എന്നു വെച്ച് ഞങ്ങളെ ആരും അത്ര നിസ്സാരന്മാരായി കാണാൻ നോക്കണ്ട.  ഇന്നത്തെ പ്രധാന വാർത്ത തന്നെ അതിനുള്ള തെളിവാണല്ലോ.ഇതിന് മുൻപും പലതവണ മനുഷ്യലോകം ഞങ്ങളുടെ വർഗത്തിന്റെ ശക്തി അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്.  ഭൂലോകത്തു മറ്റൊരു ജീവിക്കും ഇല്ലാത്ത ഒരു അസാധാരണ ജനിതക ഘടനയാണ് ഞങ്ങളുടേത്. ഞങ്ങൾക്ക് ശ്വസിക്കണ്ട, ആഹാരം കഴിക്കണ്ട, വിസർജിക്കണ്ട, ഒന്നും വേണ്ട.  ഞങ്ങളിഷ്ടപ്പെടുന്ന ഒരു ജീവിയുടെ സാമീപ്യം ഉണ്ടായാൽ ഉടനെ ഞങ്ങളുടെ ഉള്ളിലെ ജീവൻ തുടിച്ചു തുടങ്ങും. അല്ലെങ്കിൽ ഞങ്ങൾ നിർജീവമായി അടങ്ങിയൊതുങ്ങിയിരിക്കും.  ഈയടുത്ത കാലത്താണ് ഞങ്ങൾ മനുഷ്യകുലത്തെ കുറിച്ച്കേട്ടറിഞ്ഞത്.  ഞങ്ങളുടെ മുതുമുത്തച്ഛന്മാരുടെ കാലത്തൊന്നും ഇവർ ഭൂമിയിൽ ഉണ്ടായിരുന്നില്ലെന്നും പിന്നെ പരിണമിച്ചുണ്ടായതാണെന്നുമൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു. മനുഷ്യന്റെ ബുദ്ധിശക്തിയെ കുറിച്ചും, കഴിവുകളെ കുറിച്ചും ഉള്ള പല കഥകളും പലരും പറഞ്ഞു.  അപ്പോൾ മുതൽ തുടങ്ങിയതാണ് മനുഷ്യനെ അടുത്തറിയാനും അവനെ രുചിച്ചറിയാനുമുള്ള ഒരു മോഹം.      കേട്ട കഥകളനുസരിച്ച് മനുഷ്യർ ആദ്യകാലങ്ങളിലൊക്കെ മറ്റു ജീവജാലങ്ങളുമായി ഇണങ്ങി ജീവിച്ചിരുന്നു.  ‘ലോകാ സമസ്താ സുഖിനോ ഭവന്തു ‘ എന്ന ശാന്തിമന്ത്രം സ്ഥിരമായി ഉരുവിട്ടിരുന്നു.പിന്നെയാണ് അവരുടെ മട്ടുമാറിയത്. സ്വാർത്ഥലാഭത്തിനായി അവരിൽ ചിലർ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാൻതുടങ്ങി.  പണമുണ്ടാക്കാനുള്ള മൽസരത്തിനിടയിൽ അവർ മണ്ണും വെള്ളവും വായുവുമെല്ലാം  മലിനമാക്കി. കാടുകൾ വെട്ടി നശിപ്പിച്ചു.കാട്ടുമൃഗങ്ങളെ ദാക്ഷിണ്യമില്ലാതെ കശാപ്പ് ചെയ്തു.  വനഭൂമികൾ മരുഭൂമികളായി.       ചില മനുഷ്യർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. മറ്റു ചിലർ നിസ്സഹായരായി നോക്കി നിന്നു. ഭൂരിഭാഗം മനുഷ്യരും, പ്രത്യേകിച്ച് ഇടനിലക്കാർ, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവരെ പോലെ ജീവിച്ചു.  അതേ സമയം ഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങൾ ഇതൊന്നുമറിയാതെ ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു.  പക്ഷേ പണമുണ്ടാക്കിയവർ കൂടുതൽ പണമുണ്ടാക്കാനായി ആർത്തിയോടെ ഓടി നടന്നു.പ്രകൃതിയുടെ മുന്നറിയിപ്പുകളെ അവഗണിച്ചു. ഞങ്ങളുടെ കാട്ടിലും പതിവായി അവരെത്തി. കാടിളക്കി, മലയിളക്കി അവർ പാഞ്ഞു നടന്നു.  ഒരു തരം സംഹാരതാണ്ഡവമായിരുന്നു കാട്ടിൽ. ഒരു വിധം ജീവികളൊക്കെ കാട്ടിൽ നിന്ന് അപ്രത്യക്ഷമായി. കാട്ടിൽ സമാധാനം ഇല്ലാതായി. ചില ജീവികൾ വംശനാശത്തിന്റെ വക്കു വരെ എത്തി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടപ്പോൾ കാട് കാടല്ലാതായി. ഓരോ തവണയും അവർ മഹാപാപത്തിന്റെ വലിയ ഭാണ്ഡവും പേറി, നാട്ടിലെ ആഴ്ചചന്തയിലെത്തി.കാടിന്റെ ആത്മാവ് നൊന്തു പിടഞ്ഞു. ആ സങ്കടം കാണാതിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങളൊരു സർവ്വകക്ഷി യോഗം കൂടി ചില തീരുമാനങ്ങളെടുത്തു. 2019 മഞ്ഞുകാലത്ത് അത് നടപ്പിലാക്കാനുള്ള പദ്ധതികൾ തയ്യാറാക്കി. ആഴ്ചചന്തയിലെ സ്ഥിതിഗതികൾ ആരുമറിയാതെ പതിവായി നിരീക്ഷിക്കാൻ ഞങ്ങളുടെ തിരഞ്ഞെടുത്ത എതാനും കമാന്റോസിനെ നിയോഗിച്ചു. ആഴ്ചചന്തയിലെ കാഴ്ച അതിഭീകരമായിരുന്നു.കാടിന്റെ മക്കളെ കൊന്ന് നിരനിരയായി അടുക്കി വെച്ചിരിക്കുന്നു.വ്യാപാരം പൊടിപൊടിക്കുന്നുണ്ടായിരുന്നു.ചിലതിന്റെ  തലയും കാലുകളും അറുത്തു മാറ്റിയിരുന്നു.ഒരു ഭാഗത്ത് ചോരപ്പുഴ ഒഴുകുന്നു.മറ്റൊരു ഭാഗത്ത് ചീഞ്ഞ മാംസത്തിന്റെ മണം.അതിൽ പുഴുക്കൾ ആർത്തലച്ചു കുളിച്ചു രസിക്കുന്നു കൊതുകളും ഈച്ചകളും പാറി പാടി നൃത്തം ചെയ്യുന്നു. ആഴ്ചചന്തയിൽ ഒരു തക്കം കിട്ടിയപ്പോൾ ഞങ്ങളുടെ കമാന്റോസ് പണി തുടങ്ങി.ചന്തയിലെ സ്ഥിരവാസക്കാരായ കൊതുകുകളുടെ സഹായത്താൽ മനുഷ്യ ശരീരത്തിലെത്താം എന്നുള്ളതായിരുന്നു പ്ലാൻ – എ.  പക്ഷേ കൊതുകുകൾ വേണ്ട പോലെ സഹകരിക്കാഞ്ഞതിനാൽ ആ ശ്രമം പാളിപ്പോയി.  എന്നാൽ ഞങ്ങളുടെ പ്ലാൻ – ബി വിജയം കണ്ടു. മിടുക്കന്മാരായ ചില കമാന്റോസ് സൂത്രത്തിൽ  മനുഷ്യശരീരത്തിൽ കയറിപ്പറ്റി. പിന്നെ ശ്വസനസ്രവങ്ങളുടെ കണികകൾ  മുഖേന എളുപ്പത്തിൽ മറ്റു മനുഷ്യരുടെ മൂക്കിലും ശ്വാസനാളങ്ങളിലേക്കുമെല്ലാം എത്താനുള്ള പുതിയ വഴികൾ അവർ കണ്ടു പിടിച്ചു.      അങ്ങനെ ഏറെ കാലങ്ങൾക്ക് ശേഷം മനുഷ്യശരീരത്തെ നേരിട്ട് അനുഭവിക്കാനുള്ള ഞങ്ങളുടെ ചിരകാല അഭിലാഷം സഫലമായി.  ഒരു മനുഷ്യകോശത്തിൽ എത്തിയാൽ ആദ്യം ഞങ്ങൾ ആ കോശത്തിൽ  ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന അമിനോ ആസിഡുകൾ ഉപയോഗിച്ച് ഞങ്ങളുടെ പുതിയ പതിപ്പുകൾ നിർമിക്കാനുള്ള പണി തുടങ്ങും. പിന്നെ തിരക്കോട് തിരക്കാണ്.  ഞങ്ങൾ ഒന്നിൽ നിന്ന് ആയിരവും പതിനായിരവുമൊക്കെയായി   പുറത്തിറങ്ങും,  ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. പൊതുവേ രോഗ പ്രതിരോധശേഷി കുറവുള്ള, പ്രത്യേകിച്ച് പ്രായം കൂടുതലുള്ളവരുടെ ശരീരത്തിന് ഇതൊന്നും താങ്ങാനുള്ള കരുത്തുണ്ടാവില്ല.  പക്ഷേ നല്ല ആരോഗ്യമുള്ള മനുഷ്യരുടെ ശരീരത്തിൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ ശരീരം സ്വന്തം ആന്റിബോഡികളെ ഇറക്കിവിട്ട് ഞങ്ങളെ വിരട്ടി ഓടിക്കാൻ നോക്കും. ഞങ്ങളുടെ ശ്രമങ്ങളൊക്കെ കാറ്റിൽ പറത്തും. അവിടെ ഞങ്ങൾ തോറ്റു പോകും. മനുഷ്യസ്രവങ്ങളുടെ ആദ്യസ്പർശം അറിഞ്ഞ നിമിഷം ഞങ്ങളുടെ ചരിത്രത്തിന്റെ താളുകളിൽ സ്വർണ ലിപികളാൽ എഴുതപ്പെട്ടു.  ആ അലൗകിക സ്പർശത്തിൽ ഞങ്ങൾ അവരായി.  അവരിലെ അസുരശക്തികൾ ഞങ്ങളിലേക്ക് ആവാഹിക്കപ്പെട്ടു.  ആറ്റംബോബു പിളർന്നതിനേക്കാൾ പതിന്മടങ്ങ് ശക്തി ഞങ്ങൾക്ക് കിട്ടി.  പിന്നെ എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശമായിരുന്നു.  ഞങ്ങളുടെ ഓപറേഷന്റെ ആദ്യ ഘട്ടങ്ങളിൽ കാടിന്റെ കൊലയാളികളെ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്. പിന്നെ  ക്രമേണ അതിന്റെ വ്യാപ്തി കൂടി .  തുടക്കത്തിൽ പക്ഷേ അധികമാരും ഒന്നും അറിഞ്ഞില്ല.അറിഞ്ഞവർ മിണ്ടിയതുമില്ല.പക്ഷേ ഇതിനിടയിൽ ഞങ്ങളുടെ കമാന്റോസ് പുറത്തൊരു ലക്ഷണവും കാണിക്കാതെ, ആർക്കും ഒരു സംശയവുമുണ്ടാക്കാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നേടിയിരുന്നു. അവർ മനുഷ്യ ശരീരത്തിലെ ശ്വാസകോശങ്ങളും തൊണ്ടയും ഞങ്ങളുടെ പ്രിയപ്പെട്ട കളിയരങ്ങുകളാക്കി മാറ്റി. അത്യധികം ആസ്വാദ്യകരമായ ആന്തരികസ്രവങ്ങൾ ഞങ്ങൾ കുടിച്ചു രസിച്ചു. അതിൽ  മുങ്ങിക്കുളിച്ചു, പെറ്റുപെരുകി. മദോന്മത്തരായി ആനന്ദനൃത്തമാടി.ജാതിമതഭേദമന്യേ എല്ലാ മനുഷ്യരുടെയും സ്രവങ്ങൾക്ക് ഒരേ രുചിയായിരുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ എന്നുള്ള ഒരു വിത്യാസവും ഞങ്ങൾ കണ്ടില്ല.ഞങ്ങളുടെ കുടുംബം വളരെ പെട്ടെന്ന് ആകാശം മുട്ടെ വളർന്നു പന്തലിച്ചു. പുതിയൊരു കുടുംബപേരും കിട്ടി. കോവിഡ്-19. അതോടെ മനുഷ്യർക്കിടയിൽ ഞങ്ങൾക്കൊരു നിലയും വിലയുമൊക്കെയുണ്ടായി. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മയ്ക്കും പുതിയ നിർവചനങ്ങളുണ്ടായി. വിഷം തുപ്പുന്ന യന്ത്രങ്ങൾ തെരുവുകളിൽ നിന്ന് അപ്രത്യക്ഷമായി. ആകാശത്തിലെ യന്ത്രപ്പറവകൾ അവയുടെ കൂടുകളിൽ അഭയം പ്രാപിച്ചു.പ്രകൃതിയുടെ ശ്വാസകോശങ്ങളിൽ ഏറെക്കാലത്തിനു ശേഷം പ്രാണന്റെ ഊർജം നിറഞ്ഞൊഴുകി.

ഞങ്ങൾ ഒരു ദ്വിഗ്വിജയത്തിന്റെ തയ്യാറാറെടുപ്പിലായിരുന്നു. മനുഷ്യർ പണ്ടുകാലങ്ങളിൽ നടത്തിയിരുന്ന അശ്വമേധയാഗം പോലെയൊന്ന്. പക്ഷേ ദൃഷ്ടിഗോചരമല്ലാത്ത ഞങ്ങളുടെ യാഗാശ്വം മനുഷ്യർക്ക് വലിയ വെല്ലുവിളിയായി. വാക്സിൻ കുത്തിവെച്ചും മരുന്നു കഴിച്ചും ചിലർ ഞങ്ങളെ തടയാൻ നോക്കി.ഞങ്ങൾ തോറ്റു കൊടുത്തില്ല.അപൂർവ്വം ചിലർ മനുഷ്യവർഗം പ്രകൃതിയോട് ചെയ്തു കൂട്ടിയ തെറ്റുകൾക്ക് മാപ്പു ചോദിക്കുന്നുണ്ട്.  അവർ നന്നായിരിക്കണമെന്ന ആഗ്രഹമുണ്ട്. നാടു മുഴുവൻ ഞങ്ങളെ തുരത്താനുള്ള പ്രാർത്ഥനകളിലും പൂജകളിലുമാണ്. പക്ഷേ മനുഷ്യരുടെ നഗ്നനേത്രങ്ങൾക്ക്  അദൃശ്യരായ ഞങ്ങളുടെ യാഗാശ്വവും കമാന്റോസും ഇപ്പോഴും ജൈത്രയാത്ര തുടരുന്നു.  ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ ഞങ്ങളുടെ മനസ്സാക്ഷിയെ ഇടയ്ക്കിടെ നൊമ്പരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ ആളുകളെ വിഷമിപ്പിക്കാതെ കഴിയുന്നതും വേഗം ഈ ഓപറേഷൻ പൂർത്തിയാക്കി കാട്ടിലേക്ക് മടങ്ങണമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. എന്നാൽ മനുഷ്യരുടെ പൂർണ്ണസഹകരണമില്ലാതെ ഞങ്ങൾക്കത് സാദ്ധ്യമല്ല.  ജനങ്ങൾ  ഒത്തൊരുമയോടു കൂടി, ഒരേ മനസ്സായി നിന്നാൽ എളുപ്പത്തിൽ  അത് സാധിക്കും.     മനുഷ്യവർഗത്തിൽ പെട്ട ചിലരുടെ തെറ്റായ നടപടികൾ കാരണം പ്രകൃതി വീഴ്ത്തിയ കണ്ണീരിന് ഇതൊന്നും ഒരിക്കലും ഒരു പരിഹാരമാവില്ല എന്നറിയാം. എന്നാലും ഒരു ഓർമപ്പെടുത്തൽ. അത് ഞങ്ങളെക്കൊണ്ടാവും വിധം ചെയ്യുന്നു.  അണ്ണാരക്കണ്ണനും തന്നാലായാത് എന്നല്ലേ ചൊല്ല്. കാടിന്റെ മക്കളുടെയെല്ലാം കൂട്ടായ പ്രാർത്ഥന ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളുടെ ഈ ദൗത്യം ചിലരുടെയെങ്കിലും  കണ്ണുകൾ തുറപ്പിക്കുമെന്നാണ്‌ പ്രതീക്ഷ.

( ലേഖിക ഇന്ത്യയിലും കാനഡയിലും  പല  സ്ഥാപനങ്ങളിലും ഭൗമശാസ്ത്രജ്ഞയായി പ്രവർത്തിച്ചിട്ടുണ്ട് )

Leave a Reply

Your email address will not be published. Required fields are marked *