കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു

നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു. തിരുവനന്തപുരം ജില്ലയിലാണിത്. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരേയും
ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യമെന്ന് മന്ത്രിപറഞ്ഞു.

ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട് – മന്ത്രി പറഞ്ഞു.

കേരള വനം വകുപ്പിന്റെ കീഴിൽ കിഫ്ബി പൂർത്തിയാക്കിയതാണ്  പുനരധിവാസ കേന്ദ്രം, 176 ഹെക്ടറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 50 ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ, കുട്ടിയാനകൾക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വെറ്റിനറി ആശുപത്രി, സന്ദർശകർക്കായി പാർക്കിംഗ്, കഫെറ്റീരിയ, ആനയൂട്ട് ഗ്യാലറി, ആന മ്യൂസിയം, പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവയും ഉൾക്കൊള്ളുന്നതാണ് പദ്ധതി.

2007ൽ തുടങ്ങിയ കേന്ദ്രമാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. ജെ.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി കെ ഹരീന്ദ്രൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വനം വകുപ്പ് മേധാവി ഗംഗാസിംഗ് തുടങ്ങിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *