കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി:105.26 ഏക്കർ ഭൂമി കൈമാറി
പാലക്കാട് ജില്ലയിൽ കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭൂമി കൈമാറി. പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിൽ 105.2631 ഏക്കർ ഭൂമിയാണ് സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും.
2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. 2024 ആഗസ്ത് അവസാനമാണ് കേന്ദ്രാനുമതി ലഭിച്ചത്. പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി പിന്നീട് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് വ്യവസായ മന്ത്രി അറിയിച്ചു. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിയുടെ അനുമതിക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്.