ടൂറിസം മേഖലയിലെ മാറ്റങ്ങൾ കേരളം ഉൾക്കൊള്ളണം – മുഖ്യമന്ത്രി 

ടൂറിസം മേഖലയിലേക്ക് ആകർഷിക്കപ്പെടുന്ന നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ലെമെറിഡിയെൻ കൺവെൻഷൻ സെന്ററിൽ കേരള ട്രാവൽ മാർട്ട് പന്ത്രണ്ടാമത് എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക ടൂറിസം മേഖലയിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ നമ്മുടെ വിനോദസഞ്ചാര മേഖലയിലേക്ക് സ്വാംശീകരിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അന്തർദേശീയ ടൂറിസം വിപണിയുടെ ശ്രദ്ധാ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രത്യേക പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.  വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 136 കോടി രൂപ ബജ
റ്റിൽ നീക്കിവെച്ചു.

വെറുതെ ഒരു സ്ഥലം സന്ദർശിച്ചു മടങ്ങുക എന്ന നിലയിൽ നിന്ന് അക്ഷരാർത്ഥത്തിൽ വിനോദത്തിനുള്ള ഉപാധിയായി തന്നെ വിനോദസഞ്ചാരം മാറിക്കൊണ്ടിരിക്കുന്നു. ഇതിൻ്റെ ഭാഗമായി വിപണിയിൽ  പുതിയ ട്രെൻഡുകൾ ഉയർന്നു വരുന്നു. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. ഓരോ തദ്ദേശ സ്ഥാപനത്തിൻ്റെ പരിധിയിൽ കുറഞ്ഞത് ഒരു ടൂറിസ്റ്റ്‌ കേന്ദ്രം  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.

ലോകമാകെ ടൂറിസത്തിനു പ്രാധാന്യം കൊടുക്കുന്ന സമയമാണ്. കേരളത്തെ ഒരു വെൽനസ് ടൂറിസം ഹബ്ബായി മാറ്റാൻ കഴിയുന്ന എല്ലാ സാഹചര്യങ്ങളുമുണ്ട്. പരമ്പരാഗത ചികിത്സാരംഗത്തും ആധുനിക ചികിത്സാ രംഗത്തും നാം കൈവരിച്ച നേട്ടങ്ങൾ അതിന് അടിസ്ഥാനമാണ് – മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ, ഹൈബി ഈഡൻ എം.പി, മേയർ എം അനിൽകുമാർ, എം.എൽ.എ മാരായ കെ.ജെ മാക്സി, ടി.ജെ. വിനോദ്, കെ ബാബു, മുൻ ചീഫ് സെക്രട്ടറിയും ടൂറിസം വകുപ്പ് ഡയറക്ടറുമായിരുന്ന ഡോ.വി. വേണു, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, എം.ഡി. ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ്‌, കെ. ടി. ഡി.സി. ചെയർമാൻ പി.കെ. ശശി എന്നിവരും കേരള ട്രാവൽ മാർട്ട് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *