ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്: കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ 

വ്യവസായങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ (ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്) സംസ്ഥാനങ്ങളുടെ പട്ടികയിൽ  ഈ വർഷവും കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ എത്തി. അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം(ഫാസ്റ്റ് മൂവർ) ആയി കേരളം തിരഞ്ഞെടുക്കപ്പെട്ടു.

അംഗീകാരത്തിന്റെ ഭാഗമുള്ള പുരസ്കാരം ഡെൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് വ്യവസായ മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ  സാധിച്ചു.

ഈ ബിസിനസ് ആക് ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ രണ്ട് മേഖലകളിലാണ്  ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ നാല് മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു.

മൂന്ന് ക്യാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.

അഡ്വാൻസ് ടെക്നോളജി നിക്ഷേപമേഖലയായി ലോകമാകെ  കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നമ്മളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി  രാജീവ്  പറഞ്ഞു.