പുനരധിവാസത്തിന് സമഗ്ര പാക്കേജ്- മന്ത്രി കെ.എന്‍.ബാലഗോപാല്‍
ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വയനാട് ചൂരല്‍ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. തെരച്ചില്‍ പ്രവര്‍ത്തനങ്ങളടക്കം ഊര്‍ജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും.
രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്നും ലഭ്യമാകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിയുന്നത്ര വേഗത്തില്‍ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.