നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 7 മുതൽ
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന് വേദിയൊരുങ്ങുന്നു. 2026 ജനുവരി എഴ് മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാൾ നിയമസഭാ മ്യൂസിയം എന്നിവ സന്ദർശിക്കാനും അവസരമുണ്ട്. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 250ലേറെ സ്റ്റാളുകളാണ് നിയമസഭാവളപ്പിൽ തയ്യാറാകുന്നത്.
തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് എന്നിവരടക്കം ദേശീയ- അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ എഴുത്തുകാർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും പുസ്തകോത്സവത്തിനെത്തും.
പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറ് വേദികളിലായി ഒട്ടേറെ പരിപാടികൾ ഉണ്ടാകും. വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോർണറിൽ പ്രമുഖർ കുട്ടികളുമായി സംവദിക്കും.
പപ്പറ്റ് ഷോകൾ, മാജിക് ഷോകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ സ്റ്റുഡന്റ് കോർണർ വേദിയെ ആകർഷകമാക്കും. നിയമസഭയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽ നടക്കും. ജനുവരി എട്ട് മുതൽ 12 വരെയുള്ള തീയതികളിലായി വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അരങ്ങേറും.




















