കേരള പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.കെ.സാനുവിന്
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌ക്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌ക്കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌ക്കാരം.
എസ്. സോമനാഥ് (സയൻസ് ആൻ്റ് എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌ക്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ.ടി.കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി.കെ.മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌ക്കാരത്തിനും അർഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌ക്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ് ക്കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌ക്കാരമായ കേരളശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണ് നൽകുന്നത്.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌ക്കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ, ഡോ.ബി. ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌ക്കാരങ്ങൾക്കായി സർക്കാരിന് നാമനിർദേശം നൽകിയത്.