കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം നാം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്.

നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്ത ഏവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിൽ നമ്മുടെ ഏവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം എന്നത്. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരേ മനസ്സോടെ ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയിരുന്നു. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും എന്ന നവകേരള നിര്‍മ്മിതിയുടെ സുപ്രധാന ലക്ഷ്യം ഏറെയാന്നും അകലെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് ‘യഥാര്‍ത്ഥ കേരള സ്റ്റോറി’.

ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്‌സില്‍ (ഭൗതിക ജീവിത നിലവാര സൂചിക) 95.34 സ്‌കോറോടെ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വായുവിന്റെ ഗുണനിലവാരം, പൊതു സൗകര്യങ്ങള്‍, കുറഞ്ഞ കുറ്റകൃത്യനിരക്ക് എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിനു കാരണം.

ഇന്ത്യയുടെ ദേശീയ ശരാശരി ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. പൊതുസുരക്ഷ, ലിംഗസമത്വ മനോഭാവം എന്നീ കാര്യങ്ങളില്‍ കേരളം രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യു എന്‍ ഡി പി വിദ്യാഭ്യാസ സൂചികയില്‍ അതായത് ഉയര്‍ന്ന സാക്ഷരതയും സ്‌കൂള്‍ പഠന വര്‍ഷങ്ങളും സംബന്ധിച്ച കേരളത്തിന്റെ സ്‌കോര്‍ 0.77 ആണ്. ഇന്ത്യയുടെ സ്‌കോര്‍ 0.569 ആണ്.

അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ കേരള മാതൃകയുടെ സ്റ്റാറ്റസ് റിപ്പോർട്ട് മമ്മൂട്ടിക്കും അതിദാരിദ്ര്യ നിർമ്മാർജ്ജനാന്തര പദ്ധതിയുടെ രൂപരേഖ സംസ്ഥാന പ്ലാനിങ് ബോർഡ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രനും നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയും നടൻ മമ്മുട്ടി വിശിഷ്ടാതിഥിയുമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ നന്ദിയും പറഞ്ഞു.