മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യാറാകണം. എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമാണ്.
സാധാരണ അവലംബിക്കുന്ന മാർഗങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിങ്ങും നൽകുന്നുണ്ട്. ഇത് തുടരുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സിവിൽ ഡിഫെൻസ്, ആപ്ദ മിത്ര, സന്നദ്ധസേന തുടങ്ങിയ സന്നദ്ധപ്രവർത്തകരെ അടിയന്തിര സാഹചര്യങ്ങളിൽ വിന്യസിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തു തല എമർജൻസി റെസ്പോൺസ് ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒൻപത് ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം കാസർകോട്, തൃശൂർ ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്.
ജൂൺ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നത് വരെ ഇവർ ഈ ജില്ലകളിൽ ഉണ്ടായിരിക്കും. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തു 59 ക്യാമ്പുകളിലായി 1296 ആൾക്കാരെ താമസിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.