കഥകളി വേദിയില്‍ തിളങ്ങിയ ശ്രേയക്ക് ട്രാക്കിലും തിളക്കം

ആലപ്പുഴയിലെ കഥകളി വേദിയിൽ കൃഷ്ണനായി തിളങ്ങിയ ശ്രേയക്ക് കായികമേളയിലും തിളക്കം. സംസ്ഥാന സ്ക്കുൾ കായിക മേളയിൽ പെൺകുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആര്‍. ശ്രേയ ഓട്ടക്കാരി മാത്രമല്ല നല്ലൊരു കഥകളി കലാകാരി കൂടിയാണ്.

12.54 സെക്കന്‍ഡ് എന്ന തന്റെ മികച്ച സമയം കൂടി കണ്ടെത്തിയാണ് ശ്രേയ അതിവേഗ ട്രാക്കില്‍ ഒന്നാമതെത്തിയത്. ആലപ്പുഴ സെൻ്റ് ജോസഫ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. നാലാം വര്‍ഷമാണ് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്നതെങ്കിലും ആദ്യമായിട്ടാണ് സുവര്‍ണനേട്ടം.

കഴിഞ്ഞ ആഴ്ച കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന ദുര്യോധനവധം കഥകളിയില്‍ കൃഷ്ണവേഷം കെട്ടിയാടിയ ശേഷമാണ് ശ്രേയ സംസ്ഥാന കായികമേളയ്‌ക്കെത്തിയത്. ആലപ്പുഴ ലിയോ അക്കാദമിയിലെ ജോസഫ് ആന്റണിയാണ് ശ്രേയയുടെ കായികപരിശീലകന്‍.