അക്ഷരവെളിച്ചം പകർന്ന വിദ്വാൻ കെ.കെ.നായർ
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പി. എൻ.പണിക്കരുടെ കൂടെ പ്രവർത്തിച്ച് വടക്കൻ കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയ വിദ്വാൻ കെ.കെ.നായരെക്കുറിച്ച് മകൾ ഡോ.യു.പി.രാധിക എഴുതുന്നു.
വിദ്വാൻ കെ.കെ.നായരുടെ മകളായി ജനിച്ചെങ്കിലും ഒരുമിച്ചൊരു മേൽക്കൂരക്ക് കീഴെ കുറെ വർഷങ്ങൾ ജീവിച്ചെങ്കിലും അച്ഛനെക്കുറിച്ച് എനിക്കുള്ള അറിവ് എത്ര പരിമിതമായിരുന്നു എന്ന് ഞാനറിഞ്ഞത് അച്ഛന്റെ കാലശേഷം മാത്രമാണ്. അച്ഛൻ സഞ്ചരിച്ച ജീവിതത്തിന്റെ വഴികളിൽ കൂടി എനിക്കും യാത്ര ചെയ്യണമെന്ന് തോന്നി.എന്റേതായ രീതിയിലുള്ള ഒരു ചെറിയ ആത്മാന്വേഷണമാണിത്.
ആരും ഒന്നും മറന്നിട്ടില്ല. ജന്മം കൊണ്ട് അനുഗ്രഹീതൻ, കർമം കൊണ്ട് കൊണ്ട് വീടിനും നാടിനും ഒട്ടേറെ സുകൃതങ്ങൾ ചെയ്തവൻ, വായിച്ചു വളർന്നവൻ, നാടിനെ വായിപ്പിച്ചവൻ, സേവനത്തിന്റെ ഭിന്നമുഖങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവൻ, ബഹുമുഖപ്രതിഭ, നാടിനുവേണ്ടി ദേശാടനം നടത്തിയവൻ, നിർമ്മലവും സത്യസന്ധവുമായ മനസ്സിന്റെ ഉടമ. ചിലർക്ക് കുഞ്ഞികൃഷ്ണൻ … ചിലർക്ക് കെ. കെ. നായർ. അങ്ങനെയങ്ങനെ…. ആ അച്ഛന്റെ മകളായി പിറന്നതിൽ സന്തോഷവും അതിലേറെ അഭിമാനവും തോന്നി.
1923-ൽ തുടങ്ങിയ ആ ജീവിതയാത്രയിൽ അച്ഛന്റെ ഭൂതകാലത്തിലൂടെ
ഞാനും കൂടെ സഞ്ചരിച്ചു. നാട്ടിലെ അക്കാലത്തെ പ്രമാണിയായിരുന്ന മങ്കത്തിൽ കുഞ്ഞിരാമൻ നായരോടും കരിപ്പത്ത് അക്കു അമ്മയോടും ഏറെ ആദരവും നന്ദിയും തോന്നി. അവരാണല്ലോ അച്ഛൻ ഈ ലോകത്തേക്ക് വരാൻ കാരണക്കാരായത്. കാസര്‍കോട് ജില്ലയിലെ പല സ്കൂളുകളിലായി പഠനം നടത്തിയ അച്ഛന്റെയും ഇരട്ട സഹോദരനായ വലിയച്ഛന്റെയും കൂടെ ഞാനും പഴയ സ്ലേററും പെൻസിലുമായി ആ സ്കൂളുകളുടെ പടികൾ കയറിയിറങ്ങി.
പക്ഷേ, അച്ഛന്റെ ജീവിതയാത്ര ശരിക്കും ആരംഭിച്ചത് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അക്കാലത്ത് ബോംബെയിൽ കുടുംബ സമേതം താമസിച്ചിരുന്ന വലിയമ്മാവന്റെ അടുത്തേക്കുള്ള തീവണ്ടിയാത്രയോടെ ആണെന്നാണ് ഞാൻ മനസ്സിലാക്കിത്. ബോംബയിലേക്ക് ചേക്കേറിയ ആ നാളുകളിൽ അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ അന്തരീക്ഷവും ‘ബോംബെ ക്രോണിക്കിൾ’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ ജോലിയും അച്ഛന്റെ ജീവിത വീക്ഷണത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
യുവത്വം കത്തിനിന്നിരുന്ന ആ നാളുകളിൽ അച്ഛന്റെ ഉള്ളിന്റെ ഉളളിൽ ഉറങ്ങിക്കിടന്നിരുന്ന സോഷ്യലിസ്റ്റും, എഴുത്തുകാരനുമൊക്കെ സട കുടഞ്ഞെഴുന്നേൽക്കുന്നതായി ഞാൻ കണ്ടു. എസ്. എം ജോഷി, അശോക് മേത്ത, ജയപ്രകാശ് നാരായണൻ , ആചാര്യ നരേന്ദ്ര ദേവ്, ഡോ. രാം മനോഹർ ലോഹ്യ തുടങ്ങിയവരൊക്കെ അച്ഛന്റെ ആദർശ പുരുഷന്മാരും കൺ കണ്ട ദൈവങ്ങളുമൊക്കെയായി. ഗാന്ധിജിയുടെ ‘ഹരിജൻ’ പത്രത്തിലെ പല ലേഖനങ്ങളും മന:പാഠങ്ങളായി.
സ്വാതന്ത്ര സമരത്തിന്റെയും ദേശസ്നേഹത്തിന്റെയും ചൂടിൽ അന്നത്തെ ബോബെ തിളച്ചുമറിഞ്ഞപ്പോൾ ആ ചൂട് അച്ഛന്റെ ഉള്ളിലെ സർഗവാസനകളെ തൊട്ടുണർത്തി. മനസ്സിൽ ഉടലെടുത്ത പുതിയ ചിന്തകൾ അവിടുത്തെ പ്രമുഖ ആനുകാലികങ്ങൾ ആയിരുന്ന ജനതാ വാരിക, ബോംബെ ക്രോണിക്കിൾ തുടങ്ങിയവയിൽ ലേഖനങ്ങളായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു പുതിയ ജനസേവകനും എഴുത്തുകാരനും അന്നവിടെ പിറവിയെടുത്തു.
ബോംബെ ക്രോണിക്കിൾ എന്ന ദിനപത്രത്തിൽ ജോലി ചെയ്തു കൊണ്ട് പത്രപ്രവർത്തകവൃത്തിയെ ഏറെ സ്നേഹിച്ചു തുടങ്ങിയ ആ കാലത്താണ് നാട്ടിൽ നിന്നുള്ള ആ വിളിയെത്തിയത്. അവസാനം വീടിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റാൻ തീരുമാനിച്ച്, താൻ മനസ്സുകൊണ്ട് ഏറെ സ്നേഹിച്ചു തുടങ്ങിയ ബോംബെയിലെ ജീവിതം ഇട്ടെറിഞ്ഞ് മനസ്സില്ലാമനസ്സോടെ നാട്ടിലേക്ക് മടങ്ങി. പക്ഷേ ചുരുങ്ങിയ കാലത്തെ ബോബെ ജീവിതം സമ്മാനിച്ച സാമൂഹ്യ സേവനത്തിന്റേതായ അവബോധം മനസ്സിലൊരു വിങ്ങലായി, മേഘമായി, മഴയായി തുടർന്നുള്ള ജീവിതം മുഴുവനും നനവുറ്റതാക്കി മാറ്റി. ആ നനവ് നാടറിയാൻ ഏറെക്കാലം കാത്തു നിൽക്കേണ്ടി വന്നില്ല.
സ്വയം വളരാനും, സമൂഹത്തെ വളർത്താനും അക്കാലത്ത് ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയ അദ്ധ്യാപകവൃത്തിയെ സ്വന്തം ജീവിതവൃത്തിയായി സ്വീകരിക്കാൻ തീരുമാനിച്ചായിരുന്നു തുടക്കം. തുടർന്ന് ആ തൊഴിലിന് ആവശ്യമായ തുടർവിദ്യാഭ്യാസം നേടി പുതിയ ബിരുദങ്ങൾ കരസ്ഥമാക്കി. അങ്ങനെ ബോബെയിലെ പത്രപ്രവർത്തകൻ ആ വേഷം അഴിച്ചുവച്ച് നാട്ടിലെ സ്കൂൾ അദ്ധ്യാപകന്റെ പുതിയ വേഷമണിഞ്ഞു.
തുടക്കത്തിൽ വടക്കേ മലബാറിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു. തുടർന്ന് താൻ ഒരു കാലത്ത് വിദ്യാർത്ഥിയായിരുന്ന
നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ചേർന്ന് കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി. വീട്ടിൽ മരുമക്കളുടെ സ്വന്തം മാഷമ്മാവനായി കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ തന്നാൽ കഴിയുംവിധം ഭംഗിയായി നിർവ്വഹിച്ചു. അതോടൊപ്പം നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ്, അതൊക്കെ സ്വന്തം ആവശ്യങ്ങളായി കണക്കാക്കി നിശ്ചയദാർഡ്യത്തോടെ നാടിന്റെ ഉന്നമനത്തിനുള്ള എളിയ ശ്രമങ്ങൾ ആരംഭിച്ചു. ക്രമേണ നീലേശ്വരം കരിപ്പത്ത് വീട്ടിലെ കുഞ്ഞികൃഷ്ണൻ നായർ നാടറിയുന്ന വിദ്വാൻ കെ. കെ. നായരായി അറിയപ്പെട്ടു തുടങ്ങി.
നീലേശ്വരം കോട്ടത്തപ്പന്റെ തിരുമുറ്റത്ത് വേണ്ടപ്പെട്ടവരെയെല്ലാം സഹകരിപ്പിച്ച് പൊതുജനവായനശാല എന്ന സ്വപ്നം
യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് നാട്ടിലെ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആ വായനാശാലയെ പിന്നീട് പടിഞ്ഞാറ്റം കൊഴുവലിലെ പുരോഗമന ആശയങ്ങളുടെ പടിഞ്ഞാറ്റയാക്കി മാറ്റി. ഇക്കാലത്താണ് തുടർന്നുള്ള ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിത്തീർന്ന ഗ്രന്ഥശാലാ പ്രസ്ഥാനവുമായി ബന്ധപ്പെടാനുള്ള അവസരമുണ്ടാവുന്നത്. തുടർന്ന് ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ഭാഗമായി നാടിന്റെ പല ഭാഗങ്ങളിലും പുതിയ വായനശാലകൾ സ്ഥാപിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കാനും നിലവിലുള്ളവയെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.
എല്ലാ പ്രവർത്തനങ്ങൾക്കും ഉൾക്കരുത്ത് പകരാൻ ഇടക്കിടെ, തെക്കുനിന്ന് മഹാനായ.പി.എൻ.പണിക്കർ അടക്കമുള്ള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളെത്തി. അവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി, കൂടെ താമസിപ്പിച്ച്, ഒരു നല്ല ആതിഥേയനായി. നാടിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച്, കിഴക്കൻ മലയോരങ്ങളിൽ ഓണം കേറാമൂലകളിലെ ദുർഘടമായ വഴികൾ താണ്ടി, വടക്കൻ കേരളത്തിലെ നിരവധി വായനശാലകളുടെ തലതൊട്ടപ്പനായി മാറി. യശഃശരീരനായ പി. കോരൻ മാഷിനെ പോലെയുള്ള പ്രഗത്ഭ വ്യക്തികൾ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി കൂടെ നിന്നു.
പുരോഗമന ചിന്തയോടൊപ്പം രാഷ്ടീയവും തലക്കുപിടിച്ച നാളുകളായിരുന്നു അത്. ഒരു തന്റേടിയായ രാഷ്ട്രീയ പ്രവർത്തകനായി
സോഷ്യലിസ്റ്റ് പാർട്ടിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയുമൊക്കെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഒന്നൊഴിയാതെ പങ്കെടുത്തു. മുൻമന്ത്രി എൻ. കെ. ബാലകൃഷ്ണനെ പോലെയുള്ളവർ ആത്മമിത്രങ്ങളായി. പാർട്ടിയുടെ ഉന്നമനത്തിനായി നടത്തി വന്നിരുന്ന വിവിധ പരിപാടികളിൽ താൻ മനസ്സിലാക്കിയ ആശയങ്ങൾ ആരെയും കൂസാതെ, ജനങ്ങളിലേക്ക് എത്തിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിനായി നാടിന്റെ പല ഭാഗങ്ങളിലും സ്റ്റഡിക്ലാസുകൾ നടത്തിയതും, പല പേരുകളിൽ ലേഖനങ്ങൾ എഴുതിയതും, പ്രസംഗിച്ചതും, ഒളിവിൽ പോയതുമൊക്കെ ആവേശം പകരുന്ന കഥകളാണ്.
പിൽക്കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ്സുമായി ലയിച്ചതോടെ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തിരശ്ശീല മെല്ലെതാഴ്ത്തി തനിക്കു കൂടുതൽ അഭികാമ്യമെന്നു തോന്നിയ മറ്റു മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി
മികവുറ്റ എഴുത്തുകാരനായി. ഉത്തരകേരളത്തിന്റെ അജ്ഞാത ചരിത്രം അന്വേഷിച്ച് വിവരങ്ങൾ ശേഖരിച്ച് ചരിത്ര ഗവേഷകനായി. അദ്ധ്യാപകസംഘടനാ പ്രവർത്തകനെന്ന നിലയിൽ കോഴിക്കോട് സർവ്വകലാശാലാ സെനറ്റ് അംഗമായി. സർവ്വമതസമന്വയം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന കേരള തിയോസഫിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി. സർവോദയ സംഘങ്ങൾ രൂപികരിച്ച് ഗാന്ധിജിയുടെയും വിനോബാഭാവേയുടെയും സന്ദേശങ്ങൾ ജനങ്ങളിൽ എത്തിച്ചു സാമൂഹിക ഉദ്ധാരകനായി.
സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലൂടെ മികച്ച സഹകാരിയായി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ഡയറക്ടറായും തന്റെ ഉറച്ച നേതൃപാടവം കാഴ്ചവെച്ചു. നിരക്ഷരരായ ജനങ്ങളെ അക്ഷരം പഠിപ്പിക്കാനുള്ള ശ്രമത്തിൽ സാക്ഷരതാ പ്രവർത്തകനായി. ചെടികളെയും മരങ്ങളെയും സ്നേഹിച്ച്
പ്രകൃതി സ്നേഹിയായി. (നീലേശ്വരത്ത് ആദ്യമായി ശീമക്കൊന്ന എത്തിച്ച കഥ വളരെ കൗതുകത്തോടെയാണ് കേട്ടത്). നാടിന്റെ അഭിവൃദ്ധിക്കായി വീടുകൾ കയറിയിറങ്ങി ഭൂദാനപ്രസ്ഥാനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയവയുടെ പ്രചാരകനായി. അദ്ധ്യാപക ജോലിക്കൊപ്പം മലബാർ ടീച്ചേഴ്സ് യൂനിയൻ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.
പുതിയ മഹിളാസമാജങ്ങളും സ്പോർട്സ് ക്ലബുകളും തുടങ്ങാൻ സഹായിച്ച് നാട്ടിന്റെ നവോത്ഥാനനായകനായി. ഇടയ്ക്ക് കുറച്ചു കാലം ക്രാന്തദർശിയെന്ന പത്രത്തിൽ എഡിറ്റോറിയലുകളും ലേഖനങ്ങളുമെഴുതി ഒരിക്കൽ കൂടി ആ പഴയ പത്രപ്രവർത്തകന്റെ വേഷമണിഞ്ഞു. സോഷ്യലിസത്തിന്റെ ആദർശവും ലക്ഷ്യങ്ങളും പഠിച്ചും പഠിപ്പിച്ചും നാട്യമറിയാത്ത സോഷ്യലിസ്റ്റായി. കൈരേഖാശാസ്ത്രവും സംഖ്യാശാസ്ത്രവും ജ്യോതിഷവുമൊക്കെ ശാസ്ത്രീയമായി പഠിച്ച് ഭാവിയുടെ പ്രവാചകനായി.
എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വേഷങ്ങൾ. അച്ഛന്റെ ഘടികാരത്തിലും ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ തന്നെയായിരുന്നില്ലേ എന്ന് ഞാൻ പലപ്പോഴും അൽഭുതപ്പെട്ടുപോയിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും സ്വാമി ശിവാനന്ദയും രമണമഹർഷിയും നിത്യാനന്ദ സ്വാമികളും രാംദാസ് സ്വാമികളും ആനി ബെസന്റ് മടക്കം പലരും ആ മനസ്സിലിരുന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും സംഗീതം മൂളി. ഇടയ്ക്കെപ്പോഴോ ആരുടെയൊക്കെ ഇടപെടലിലൂടെ, വൈകിയാണെങ്കിലും, അമ്മയെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ച് ചേർത്തു. തുടർന്നുള്ള ജീവിതത്തിൽ അച്ഛനെന്നും താങ്ങായി, സ്നേഹമായി, തലോടലായി അമ്മ കൂടെ നിന്നു. ഏതൊരച്ഛനെയും
പോലെ സ്വന്തം മകൾക്ക് പരാശ്രയമില്ലാതെ ജീവിതത്തെ നേരിടാനുള്ള കരുത്തുണ്ടാകണം, അതിന് അവൾ നന്നായി പഠിക്കണം എന്ന് അച്ഛനും ആഗ്രഹിച്ചു. പക്ഷേ ഒരിക്കൽ പോലും ‘നീ പോയ് പഠിക്ക് ‘ എന്ന് എന്നോട് പറഞ്ഞില്ല. പഠിക്കാൻ നിബന്ധനകൾ വെച്ചില്ല. എന്നിട്ടും ഞാൻ പഠിച്ചു. അച്ഛനാഗ്രഹിച്ച പോലെ ഒരു വിധം മോശമല്ലാത്ത രീതിയിൽ തന്നെ പഠിച്ചു. ബിരുദങ്ങൾ നേടി. UGC-CSIR പരീക്ഷകൾ പാസായി. കേന്ദ്ര ഗവർമെന്റിന്റെ CSIR ഫെല്ലോഷിപ്പോടെ പഠിച്ച് ഗവേഷണബിരുദം നേടി. സ്വദേശത്തും വിദേശത്തുമായി പലയിടങ്ങളിലും ജോലി ചെയ്തു. പക്ഷേ ആ സന്തോഷങ്ങളൊന്നും നേരിട്ട് കാണാനും അനുഭവിക്കാനും അച്ഛൻ നിന്നില്ല…പോയി … തിരക്കിട്ടു പോയി…