വ്യവസായ അനുകൂല നയങ്ങൾ നിക്ഷേപ സൗഹൃദമാക്കുന്നു- മന്ത്രി
സംസ്ഥാന സർക്കാരിന്റെ വ്യവസായ അനുകൂല നയങ്ങളും നയങ്ങളിലെ സ്ഥിരതയും കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ഗുണം ചെയ്യുന്നുവെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വളർച്ചയിൽ ഇൻവെസ്റ്റ് കേരള സമ്മിറ്റ് നിർണായക സംഭാവനകൾ ചെയ്യും. കേരളത്തോടുള്ള നിക്ഷേപകരുടെ സമീപനം വലിയ രീതിയിൽ മാറിയിട്ടുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷവും അടിസ്ഥാന സൗകര്യ വികസനവും എല്ലാം അതിന് കാരണമായി. സ്ഥിരതയാർന്ന ഭരണത്തിലൂടെ നിക്ഷേപകരിൽ കൂടുതൽ വിശ്വാസം ഉറപ്പിക്കാനും കഴിഞ്ഞു.
കേരളത്തിന്റെ ദേശീയപാത വികസനം അടുത്ത വർഷത്തോടെ പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ കൂടുതൽ അവസരങ്ങൾ തുറക്കും. സംസ്ഥാന പാതകളും പ്രാദേശിക റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം പൂർണ്ണ സജ്ജമാകുന്നതോടെ നിക്ഷേപക രംഗത്തിന് അത് വലിയ ഊർജ്ജമാകും. ഏതു മേഖല എടുത്താലും കേരളത്തിൽ ആവശ്യത്തിന് നൈപുണ്യവും അനുഭവസമ്പത്തും ഉള്ള പ്രൊഫഷണലുകൾ ഉണ്ട്.
കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറിലസത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ഇത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വ്യവസായിക പുരോഗതിക്കും സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ദക്ഷിണ കൊറിയ കോണ്‍സല്‍ ജനറല്‍ ചാങ്-നിം കിം, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, ഭാരത് ബയോടെക് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എല്ല, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. യൂസഫ് അലി എന്നിവർ പങ്കെടുത്തു.