നിക്ഷേപക മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു- മുഖ്യമന്ത്രി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇൻവെസ്റ്റ്‌ കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നിക്ഷേപക സൗഹൃദഘടന ശക്തിപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും ഈ മേഖലയിലെ വിദഗ്ധരെയും, നയരൂപീകരണ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരിക, കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പര്യവേഷണം ചെയ്യുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്ക് നടപടിക്രമങ്ങളുടെ

കാലതാമസം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനായി .

2019 ലെ കേരള മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ ആക്റ്റ് നടപ്പാക്കിയതോടെ കെ -സ്വിഫ്റ്റ് പോർട്ടൽ വഴി എളുപ്പത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ വരുന്നതിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുകയാണ്. ദേശീയ പാത 66 വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനു ചെലവിന്റെ 25 ശതമാനം സംസ്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നിലവിലുണ്ട്.

ഉൾനാടൻ ജലപാതകളെ സഞ്ചാരയോഗ്യമായ പാതയാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനുകൾ
സ്ഥാപിച്ചതോടെ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സാധിച്ചു. ഭൂമിയില്ലാത്തതിൻ്റ പേരിൽ  കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടവരില്ല.

ഉയർന്നുവരുന്ന തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സംസാരിച്ചു. കേന്ദ്ര സർക്കാറിൻ്റെ സഹായവും ഐക്യദാർഡ്യവും കേരളത്തിന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസവും ആയുർവേദവും ലോകത്തെ കേരളത്തിലേക്ക് ആകർഷിക്കുന്നു. ടൂറിസത്തിലും നിർമ്മാണ മേഖലയിലും മറ്റും കേരളം വികസന മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി ഓൺലൈനിൽ സന്ദേശം നൽകി. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി, യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, മന്ത്രിമാരായ എം.ബി രാജേഷ്,  വി. എൻ വാസവൻ, സജി ചെറിയാൻ, ജി.ആർ അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫ് അലി, ഐ.ടി.സി ലിമിറ്റഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് പുരി, അദാനി പോർട്ട് ആന്റ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു

ഗ്ലോബൽ സമ്മിറ്റില്‍ 26 രാജ്യങ്ങളിൽ നിന്ന് 2500 ഓളം പ്രതിനിധികളും 100 ലേറെ കമ്പനികളും പങ്കെടുക്കുന്നുണ്ട്. 30 സെഷനുകളിൽ നൂറോളം പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്