ജല സാഹസിക വിനോദങ്ങൾക്കായി സ്ഥിരം അക്കാദമി ആരംഭിക്കും- മന്ത്രി

കയാക്കിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് അറിയിച്ചു. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം പുലിക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ടൂറിസം കലണ്ടറിൽ ജുലായ് മാസം അവസാനം കയാക്കിങ് ഫെസ്റ്റിവൽ എന്ന് രേഖപ്പെടുത്തും. ചാമ്പ്യൻഷിപ്പിനെക്കുറിച്ച്‌ മുൻകൂട്ടി അറിയുന്നതിനാൽ ദേശീയ അന്തർദേശീയ താരങ്ങൾക്ക് നേരത്തെ പരിശീലനത്തിനുള്ള അവസരമാകുമെന്നും മന്ത്രി പറഞ്ഞു.

വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനൊപ്പം 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷൻ ട്രയൽ കൂടി ആദ്യമായി കേരളത്തിൽ നടന്നു എന്നതും നേട്ടമാണ്. ചെറിയ  കയാക്കിങ്  യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം ടൂറിസം വകുപ്പ് പരിഗണിക്കും. പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ സീതത്തോട് 2024ൽ കയാക്കിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.

അഡ്വഞ്ചർ മേഖലയിൽ ടൂറിസം വകുപ്പ് നൂതന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദ്യ സർഫിങ് അക്കാദമി കോഴിക്കോട് ജില്ലയിലെ ബേപ്പൂരാണ് ആരംഭിച്ചത്. വർക്കലയിൽ ഈ വർഷം ഇന്റർനാഷണൽ സർഫിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കടൽത്തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയ്ക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഇതിനായി ടൂറിസം വകുപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനത്തെ 50 ഇടങ്ങളിൽ തിരുവമ്പാടി മണ്ഡലം കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യത കൂടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കയാക്കിങ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ലിന്റോ ജോസഫ് എം.എൽ. എ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്, കൂടരഞ്ഞി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കുളത്തൂർ,  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, കേരള അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ടൂറിസം ഡയറക്ടർ പി.ബി. നൂഹ് സ്വാഗതവും ഡി.ടി.പി.സി. സെക്രട്ടറി നിഖിൽ ടി. ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *