പ്രിയപ്പെട്ട രവീന്ദ്രൻ്റെ ‘ഹൃദയ ശിൽപ്പ’ത്തിനു മുന്നിൽ
വി.വി.പ്രഭാകരന്‍
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തുന്ന ആരുടെയും ശ്രദ്ധയാകർഷിക്കുന്ന കലാസൃഷ്ടിയാണ് “ഹൃദയ ശിൽപ്പം “. ഉത്തരകേരളത്തിന്റെ അഭിമാനമായ അനുഗൃഹീത ശിൽപ്പിയും ചിത്രകാരനുമായ തൃക്കരിപ്പൂർ രവീന്ദ്രന്റെ ഈ ശിൽപ്പം ഏതൊരാളുടെയും ഹൃദയത്തെ തൊട്ടുതലോടാൻ പോന്ന സർഗസൃഷ്ടിയാണ്. ഈ കലാസൃഷ്ടി നമ്മുടെ ഹൃദയത്തിലുണർത്തുന്നതും ഒരുപാട് ഓർമ്മകൾ, ചിന്തകൾ, അറിവുകൾ, തിരിച്ചറിവുകൾ… ശിൽപ്പത്തെ ചൂഴ്ന്നു
നിൽക്കുന്ന സത്യങ്ങൾ, ഭാവങ്ങൾ, പരി ചിന്തനങ്ങൾ…. എല്ലാം നമ്മുടെ ഉള്ളം ആഴത്തിൽ തൊടാൻ പോന്നത്. പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് അനുഭവഗോചരമാവുന്ന ആ ഹൃദയമന്ത്രത്തിനു മുന്നിൽ നാം വിസ്മയഭരിതരാവുന്നു, പ്രാർഥനാനിരതരാവുന്നു… ശിൽപ്പത്തെയും ശിൽപ്പിയെയും അറിയാതെ ഹൃദയത്തോടു ചേർത്തു പോവുന്നു…ഏഴു വർഷം മുമ്പാണ് പരിയാരം മെഡിക്കൽ കോളേജിലെ ഹൃദയാലയത്തിന്റെ മുൻവശത്ത് രവീന്ദ്രൻ ” ഹൃദയ ശിൽപ്പം ” തീർത്തത്.
സിമൻ്റിൽ തീർത്ത 32 അടി ഉയരമുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൃദയ ശിൽപ്പമാണെന്നറിയുക. 24 അടി വലുപ്പമുള്ള വട്ടളത്തിന്റെ മധ്യത്തിലായി നാലു ദിശാബോധിനികളാൽ താങ്ങി നിർത്തിയ മകുടത്തിന് മുകളിലായി കൈക്കുമ്പിളിലാണ് ഹൃദയ ശില്പം. മെറ്റാലിക്ക് വർണങ്ങളിൽ പ്രത്യേക വർണക്കൂട്ടുകളാണ് ശിൽപ്പത്തിൽ ഉപയോഗിച്ചത്. മനുഷ്യഹൃദയത്തിന്റെ എല്ലാ വശങ്ങളും അടങ്ങിയ
അനാട്ടമിക്കൽ ശിൽപ്പമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏതൊരാൾക്കും ഹൃദയത്തെ കുറിച്ച് ലളിതമായി മനസ്സിലാക്കാൻ സഹായകമായ വിധത്തിലാണ് ഇതിൻ്റെ വിന്യാസം. ഹൃദയസംരക്ഷണ സന്ദേശത്തിലൂടെ മഹത്തായൊരു ദൗത്യമാണ് അപൂർവ ചാരുതയാർന്ന ഈ ശിൽപ്പം നിർവഹിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ മ്യൂസിയം കം ഫോട്ടോ ഗ്രാഫിക് അസിസ്റ്റൻ്റാണ് കൊയോങ്കര സ്വദേശിയായ രവീന്ദ്രൻ.
കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയ തൃക്കരിപ്പൂർ രവീന്ദ്രന്റെ ഹൃദയ മുദ്ര പതിഞ്ഞ ഈ ശിൽപ്പത്തിനു മുന്നിൽ ഒരു കലാസ്വാദകനെന്ന നിലയിൽ എന്റെ ഹൃദയ വന്ദനം… രവീന്ദ്രന്റെ മറ്റൊരു ശ്രദ്ധേയ ശിൽപ്പം സമീപ ഭാവിയിൽ കാസർകോട് വിദ്യാനഗറിൽ യാഥാർഥ്യമാവുകയാണെന്നും സന്തോഷപൂർവം കുറിക്കട്ടെ.