വയനാട് മാതൃക ടൗൺഷിപ്പ്:178 വീടുകൾ മുഖ്യമന്ത്രി കൈമാറി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ടൗൺഷിപ്പ് ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. വീട് നിൽക്കുന്ന ഏഴുസെന്റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയവില്ലേജിൽ ഏറ്റെടുത്ത അഞ്ച് ഏക്കർ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി വിതരണം ചെയ്തു.

വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, കടമുറികൾ, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി രണ്ട് കിലോവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിൽ എട്ട് മുതൽ ഇരുപത് വരെ വീടുകൾ ഉൾക്കൊള്ളുന്ന 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്പേസ് നടുമുറ്റവും അതിനു ചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡുമുണ്ട്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പണിതിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റർ വീതിയുള്ള ഒമ്പത് കോൺക്രീറ്റ് ഭിത്തികളാലാണ് നിർമ്മിച്ചത്.

കൽപ്പറ്റ എൽ.പി സ്‌കൂൾ ടൗൺഷിപ്പിലേക്ക് മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.എഫ്. ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നിർമാണ പ്രവൃത്തി അഭംഗുരം മുന്നോട്ടു പോകും. ദുരന്തബാധിതർ ടൗൺഷിപ്പിലെ വീട്ടിലേക്ക് താമസം മാറുന്നത് വരെ അവർക്ക് വീട് വാടകയിനത്തിൽ 6000 രൂപയും ഉപജീവനത്തിനായി ഒരു കുടുംബത്തിന് പരമാവധി 18000 രൂപയും ഭക്ഷണ കൂപ്പൺ ഇനത്തിൽ 1000 രൂപയും പ്രതിമാസം നൽകുന്നത് തുടരും.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ടി.സിദ്ദിഖ്, ടി.പി. രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ – ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ എസ് സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.ജെ. ഒ അരുൺ, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി.വിശ്വനാഥൻ, കെ.എസ്. എഫ്. ഇ ചെയർമാൻ കെ. വരദരാജൻ എന്നിവർ പങ്കെടുത്തു.