ഹരിയാന – തെലുങ്കാന സംഘം വരാപ്പുഴ സന്ദർശിച്ചു
തെലുങ്കാന, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം എറണാകുളം വരാപ്പുഴ പഞ്ചായത്ത് സന്ദർശിച്ചു. ‘കില’യുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും എന്ന വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായിട്ടാണ് സംഘം എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫിന്റെ നേതൃത്വത്തിൽ പ്രതിനിധികളെ സ്വീകരിച്ചു.
തെലുങ്കാനയിൽ നിന്നും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് ഓഫീസർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർ ഉൾപ്പെടെ 13 അംഗങ്ങളും, ഡയറക്ടർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ എന്നിവരടങ്ങിയ മൂന്ന് അംഗ ഹരിയാന സംഘവുമാണ് സന്ദർശനത്തിന് എത്തിയത്. പഞ്ചായത്ത് ഹാളിൽ നടന്ന ഹ്രസ്വ വീഡിയോ പ്രദർശനത്തിനു ശേഷം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
കുടുംബശ്രീ ജനകീയ ഹോട്ടൽ, പ്ലാസ്റ്റിക് സംഭരണ കേന്ദ്രം, ഫിഷ് ലാന്റിങ്ങ്, ലൈഫ് പദ്ധതിയിൽ പണിത വീട്, വനിത സ്വയം തൊഴിൽ കേന്ദ്രം എന്നിവ സംഘം സന്ദർശിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ രീതികളും സംവിധാനങ്ങളും വിശദമായി ചർച്ച ചെയ്തു. വരാപ്പുഴ പഞ്ചായത്തിന്റെ നേട്ടങ്ങൾക്ക് പ്രതിനിധികൾ അഭിനന്ദനം അറിയിച്ചു. വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പോളി, പഞ്ചായത്ത് സെക്രട്ടറി എസ്.അനീഷ്, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.