കാവ് പരിസരം ശുചീകരിച്ചു; ശേഖരിച്ചത് നൂറോളം ചാക്ക് മാലിന്യം

കാസർകോട് ജില്ലയിലെ നീലേശ്വരം മന്നംപുറത്ത് കാവിൻ്റെ പരിസരം ഹരിത കർമ്മ സേന ശുചീകരിച്ചു. നൂറോളം ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇവിടെ നിന്ന് ശേഖരിച്ചത്. കാവിലെ ഉത്സവമായ കലശവും ഇതോടനുബന്ധിച്ചുള്ള ചന്തയും സമാപിച്ചതോടെ ബാക്കിയായ മാലിന്യമാണ് വളരെ വേഗത്തില്‍ ശുചീകരിച്ച് നഗരസഭയിലെ ഹരിതകര്‍മ്മ സേന മാതൃകയായത്.

64 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ അമ്പതോളം പേരും ശുചീകരണത്തില്‍ പങ്കാളികളായി. കലശം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ ക്ഷേത്രനടയുടെ കിഴക്കുഭാഗം ചന്തക്കായി സ്റ്റാളുകള്‍ ഒരുങ്ങിയിരുന്നു. പ്ലാസ്റ്റിക് മാലിന്യവും കാര്‍ബോര്‍ഡ് മാലിന്യങ്ങളുമായിരുന്നു കൂടുതലും. ഇവയൊക്കെ തരം തിരിച്ച് എടുത്തു. നൂറ് ചാക്കോളം  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന ശേഖരിച്ചു.

കുറച്ച് ചന്ത ഇനിയും വിട്ടൊഴിഞ്ഞ് പോകാന്‍ ബാക്കിയുണ്ട്. നിലവില്‍ 90 ശതമാനത്തോളം ശുചീകരണം ചെയ്തതായും ബാക്കിയുള്ള ചന്തകള്‍ ഒഴിഞ്ഞാല്‍ അവിടെയും ഉടന്‍ വൃത്തിയാക്കുമെന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അറിയിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *