പുതുവർഷത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ ഭക്തജന സഹസ്രങ്ങൾ

പുതുവർഷ പിറവി ദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് വണങ്ങാൻ ഭക്തജന സഹസ്രങ്ങൾ. പ്രാർത്ഥനകളുമായെത്തിയ ഭക്തർ ദർശനപുണ്യം നൽകിയ സായൂജ്യവുമായി മടങ്ങി. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നൂറുക്കണക്കിന് ഭക്തർ പുലർച്ചെ മുതൽ ക്ഷേത്രത്തിലെത്തി. സംസ്ഥാനത്ത് നിയന്ത്രണം പ്രാബല്യത്തിലായതിനാൽ രാവിലെ അഞ്ചു മണി മുതലാണ് ഭക്തർക്ക് ക്ഷേത്ര ദർശനം നൽകിയത്. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ഭാര്യ ജയശ്രീ എന്നിവർ രാവിലെ ക്ഷേത്രദർശനം നടത്തി. ഐ.എസ്. ആർ. ഒ. ചെയർമാന്‍ ഡോ. കെ. ശിവനും ദർശനം നടത്തി. 

രാവിലെ ആറരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗം ഏ.വി.പ്രശാന്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ശീവേലിയും കണ്ട് തൊഴുതാണ് മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗം കെ.വി.ഷാജിയും ശീവേലി ചടങ്ങിൽ സന്നിഹിതനായി.

ഐ.എസ്. ആർ. ഒ ചെയർമാന്‍ വൈകുന്നേരം മുന്നേ മുക്കാലോടെയാണ്  ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. തുടർന്ന് അല്പ നേരം വിശ്രമിച്ച
 
 
ശേഷം ഭാര്യ മാലതിക്കും സഹപ്രവർത്തകർക്കുമൊപ്പം ക്ഷേത്രത്തിലെത്തി. ശീവേലി ദർശന ശേഷം അഞ്ചു മണിയോടെ ശ്രീകോവിലിന് മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുതു. ഭണ്ഡാരത്തിൽ കാണിക്കയിട്ടു. ഉണ്ട മാല വഴിപാടും നേർന്നിരുന്നു. അന്നദാനത്തിനായി സംഭാവനയും നൽകി. ദേവസ്വം ചെയർമാൻ അഡ്വ.
 
 
കെ.ബി.മോഹൻദാസ് ദേവസ്വത്തിൻ്റെ ഉപഹാരം ഡോ. കെ. ശിവന് നൽകി. നടൻ ദിലീപും രാവിലെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.
 

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *