ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ വാർഷികം
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 93-ാം വാർഷികം ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൗസ്തുഭം റെസ്റ്റ് ഹൗസിന് സമീപത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയോടെയാണ് സത്യഗ്രഹ വാർഷികം തുടങ്ങിയത്.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിൽ ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ഐക്യ കേരളമെന്ന ആശയം, പിറവി കൊണ്ടത് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിൽ നിന്നാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിൻ്റെ പ്രസക്തി വിളിച്ചോതുന്ന സെമിനാറും നടത്തി. ദേവസ്വം ചെയർമാൻ സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥകാരൻ അഡ്വ.ഇ.രാജൻ, രാധാകൃഷ്ണൻ കാക്കശേരി എന്നിവർ വിഷയം അവതരിപ്പിച്ചു.കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേർ സെമിനാറിൽ പങ്കെടുത്തു.