പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്‌ക്കാര സമർപ്പണവും 6 ന്
ഗുരുവായൂർ ദേവസ്വം പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്‌ക്കാര സമർപ്പണവും ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം ഉദ്ഘാടനവും മാർച്ച് 6 ന് ഞായറാഴ്ച നടക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഏഴു മണിക്ക് പൂന്താനം കൃതികളുടെ സമ്പൂർണ്ണ പാരായണത്തോടെയാണ് ചടങ്ങുകൾ തുടങ്ങുക. ഡോ.വി.അച്യുതൻ കുട്ടി പാരായണത്തിന് ആചാര്യനാകും.
3.30 ന് കാവ്യപൂജ നടക്കും. പ്രശസ്ത കവികൾ പങ്കെടുക്കും. രാത്രി ഏഴിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ജ്ഞാനപ്പാന പുരസ്‌ക്കാരം കെ.ജയകുമാറിന് സമ്മാനിക്കും. ദേവസ്വം പുസ്തകശാലാ കമ്പ്യൂട്ടർവൽക്കരണ ഉദ്ഘാടനവും സാംസ്കാരിക സമ്മേളന ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.
ചടങ്ങിൽ മുഖ്യാതിഥികളായി എൻ.കെ. അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനാകും. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തും.
ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹനകൃഷ്ണൻ, കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണന്‍, ദേവസ്വം അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുക്കും. രാത്രി 8.30 ന് പാലക്കാട്, കല്ലേകുളങ്ങര കഥകളി ഗ്രാമം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. കഥ: സ്വധാമഗമനം(ശീകൃഷ്ണ സ്വർഗ്ഗാരോഹണം)
ജ്ഞാനപ്പാന പുരസ്കാരം
കെ. ജയകുമാറിന്
ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം.
പ്രശസ്ത കവിയും ഗാന രചയിതാവുമായ കെ.ജയകുമാറിന് സമ്മാനിക്കും. സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
സാഹിത്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജയകുമാർ കവിതാ സമാഹാരങ്ങൾ, പരിഭാഷകൾ, ലേഖനങ്ങൾ, എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി 45 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എൺപതിലേറെ മലയാള സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘വർണ്ണച്ചിറകുകൾ’ എന്ന കുട്ടികളുടെ സിനിമയുടെ സംവിധായകനാണ്. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയായ വിരമിച്ച അദ്ദേഹം ഇപ്പോൾ ഐ.ഐ.എം. ഡയരക്ടറാണ്.