ഗുരുവായൂർ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും 13ന്
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ കേശവൻ അനുസ്മരണം ദശമി ദിനമായ ഡിസംബർ 13 തിങ്കളാഴ്ച നടക്കും. ഗജരാജൻ കേശവൻ അനുസ്മരണ ചടങ്ങുകളെ തുടർന്ന് രാവിലെ ഒമ്പത് മണിക്ക് ചെമ്പൈ സംഗീതോൽസവ വേദിയിൽ പഞ്ചരത്ന കീർത്തനാലാപനം ആരംഭിക്കും.
ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ ഏഴ് മണിക്ക് ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിക്കും. ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ കേശവൻ്റെ ഛായാചിത്രം വഹിക്കും. ബൽറാം ശ്രീ ഗുരുവായൂരപ്പൻ്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിക്കും.
ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആനകൾക്ക് സമൃദ്ധമായ ആനയൂട്ടും ദേവസ്വം ഒരുക്കും. ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കുന്ന ആനകളെ തെരഞ്ഞെടുത്തു. ഇന്ദ്രസെന്നിനെ കൂടാതെ ബൽറാം, ഗോപികണ്ണൻ, ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നി ഗജവീരൻമാരാണ് അണിനിരക്കുന്നത്.