ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിക്ക് തുടക്കം

ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഗുരുവായൂരിൽ തുടക്കമായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഏ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. ആനജന്മത്തിലെ പുണ്യജന്മമാണ് ഗുരുവായൂർ കേശവനെന്ന് മന്ത്രി പറഞ്ഞു.

ലക്ഷണമൊത്ത ആനയെന്ന നിലയിലാണ് കോടിക്കണക്കിന് ഗുരുവായൂരപ്പ ഭക്തരുടെ മനസ്സിൽ കേശവൻ്റെ സ്ഥാനം. ഗുരുവായൂർ കേശവനെ പുത്രവാത്സല്യത്തോടെയാണ് പരിപാലിച്ചു പോന്നിരുന്നതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ആനജന്മത്തിലെ ഒരു പുണ്യ ജന്മമായി ഗുരുവായൂർ കേശവൻ്റെ ജന്മത്തെ വിശേഷിപ്പിക്കാനാകും – മന്ത്രി പറഞ്ഞു

ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. കേശവീയം 2023 ലോഗോ പ്രകാശനം, കേശവൻ സ്മൃതി സംഗമം, ചിത്രരചനാ ക്യാമ്പ്, കേശവനെ പരിപാലിച്ചവർക്കുള്ള ആദരം എന്നിവയുടെ ഉദ്ഘാടനവും

മന്ത്രി നിർവ്വഹിച്ചു. കേശവനെ നടയിരുത്തിയ നിലമ്പൂർ കോവിലകത്തെ റിസീവർ ടി.സി.സുരേന്ദ്രനാഥൻ, കേശവൻ്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണൻ നായർ, കേശവൻ്റെ വിഖ്യാത ചിത്രമെടുത്ത പെപിതാ സേത്ത് എന്നിവരെ മന്ത്രി ആദരിച്ചു. മന്ത്രിക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു.

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി.നായർ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു. നഗരസഭ വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ  എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *