ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ
ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലയർപ്പിച്ച് പുണ്യം നേടാൻ ഭക്തസഹസ്രങ്ങൾ. പ്രസിദ്ധമായ ഉത്രാട കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി. രാവിലെ വിശേഷാൽ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പണ ചടങ്ങ്.
ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ,വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ കാഴ്ചക്കുലയർപ്പിച്ചു.
തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുകണക്കിന് ഭക്തരാണ് കാഴ്ചക്കുല സമർപ്പിച്ചത്. സമർപ്പണത്തിന് ഭക്തരുടെ നീണ്ട നിരയായിരുന്നു. അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ ഭക്തർ കാഴ്ചക്കുല സമർപ്പിച്ചു.സമർപ്പിച്ച കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ നിവേദിക്കാന്‍ ആവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കും.