ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമൻ
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായുള്ള ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. ദേവദാസിനാണ് രണ്ടാ സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.
ഉച്ചയ്ക്ക് മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ
അവകാശികളിൽ നിന്നും പാപ്പാന്മാർ ഏറ്റു വാങ്ങി. തുടർന്ന് മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഇവർ ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ ശംഖ് മുഴങ്ങി. അറിയിപ്പ് കിട്ടിയതോടെ കൊമ്പന്മാരായ രവി കൃഷ്ണനും ദേവദാസും വിഷ്ണുവും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ആറ് മിനിട്ടിനകം കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി ക്ഷേത്രഗോപുരം കടന്ന് ഗുരുവായൂരപ്പ
സന്നിധിയിലെത്തി. പിന്നാലെ ദേവദാസും അല്പം വൈകി വിഷ്ണുവുമെത്തി. ഇനിയുള്ള ഉത്സവ നാളുകളിൽ ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ മൂന്ന് ആനകൾ മാത്രമായിട്ടായിരുന്നു ആനയോട്ട ചടങ്ങ്. നറുക്കെടുപ്പിലൂടെയാണ് ആനകളെ തിരഞ്ഞെടുത്തത്. ചടങ്ങ്
സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ചിത്രങ്ങൾ: സരിത സ്റ്റുഡിയോ, ഗുരുവായൂർ