ഗുരുവായൂർ ഏകാദശി ആഘോഷം ഡിസംബർ 11ന്
ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ഡിസംബർ 11 ന് വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ ഏഴ് മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഈ ദിവസം ദേവസ്വം വകയാണ് ചുറ്റുവിളക്ക്.
ഏകാദശി നാളിലെ ക്ഷേത്ര ദർശനം
ഏകാദശി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ തൊഴാനെത്തുന്ന ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വി. ഐ.പി, സ്പെഷ്യൽ ദർശനം അനുവദിക്കില്ല.
കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ ക്യൂ രാവിലെ അഞ്ച് മണിക്ക് അവസാനിപ്പിക്കും. നെയ് വിളക്ക് വഴിപാടുകാർക്കുള്ള ദർശന സൗകര്യം ഉണ്ടാകും.
ദശമി ദിവസമായ ഡിസംബർ 10 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം ദ്വാദശി ദിവസമായ ഡിസംബർ 12ന് രാവിലെ എട്ട് മണി വരെ തുടരും. പതിവ് പൂജകൾക്ക് മാത്രം ക്ഷേത്രം നട അടയ്ക്കും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല.