ഗുരുവായൂരപ്പന് വഴിപാടായി വിശ്വരൂപ ദാരുശില്പം

ഏകാദശിനാളിൽ ഗുരുവായൂരപ്പന് വഴിപാടായി വിശ്വരൂപത്തിൻ്റെ ദാരുശില്പം. ഗീതാ ദിനം കൂടിയായ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ഈ ദാരു ശില്പം സമർപ്പിച്ചത്. നാലര അടി നീളവും മൂന്നടി വീതിയുമുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് ശില്പം ഏറ്റുവാങ്ങി ക്ഷേത്രം സോപാനത്തിലേക്ക് സമർപ്പിച്ചു.

ഗീതോപദേശത്തിനൊടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് കാട്ടികൊടുക്കുന്ന ആദി നാരായണ രൂപമാണ് വിശ്വരൂപം.

മഹാവിഷ്ണുവിൻ്റെ പൂർണ്ണ അവതാരങ്ങളും അംശാവതാരങ്ങളും ഉൾകൊള്ളുന്നതാണ് വിശ്വരൂപം. കുമിൾ മരത്തിൽ നിർമ്മിച്ചതാണ് ഈ ശില്പം. ബംഗളൂരുവിൽ താമസമാക്കിയ മോഹൻകുമാർ ഗുരുവായൂരിൽ വീട് വാടകയ്ക്കെടുത്ത് സ്വയം സമർപ്പിത മനസ്സോടെ നിർമ്മിച്ചതാണിത്. ഗീതാദിനത്തില്‍ തന്നെ ഈ സമർപ്പണം നടത്താനായതിൻ്റെ ധന്യതയിലാണ് ഈ കുടുംബം. ‘എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം’ – മോഹൻ കുമാർ പറഞ്ഞു.

ദാരുശില്പം ഏറ്റുവാങ്ങുന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മുൻ എം.എൽ.എ. കെ.അജിത്, കെ.വി.ഷാജി, ഇ.പി.ആർ.വേശാല, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി.

ചിത്രങ്ങൾ : സരിത സ്റ്റുഡിയോ, ഗുരുവായൂർ

Leave a Reply

Your email address will not be published. Required fields are marked *