ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിന് നൂറുകോടി- മന്ത്രി

ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിനായി ഈ വർഷവും നൂറ് കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. എട്ടു കോടി രൂപ ക്ഷേത്ര ഉൽസവങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണം മൂന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേവസ്വം ബോർഡുകളുടെ നയാ പൈസ പോലും സർക്കാർ എടുക്കുന്നില്ല. മറിച്ചുള്ള പ്രചരണം അസത്യമാണ്. ദേവസ്വം ബോർഡുകൾക്കായി കഴിഞ്ഞ അഞ്ചു വർഷം 458 കോടി രൂപ നൽകിയ സർക്കാരാണിത്. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ദേവസ്വം ബോർഡുകൾക്കും ഈ സഹായം നൽകിയിട്ടുണ്ട്.  ബയോഡൈവേഴ്‌സിറ്റി ദിനത്തില്‍ കേരളത്തിലെ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കാന്‍ ക്ഷേത്ര ഭാരവാഹികൾ പദ്ധതി ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അഴകൊടി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 255 ക്ഷേത്രങ്ങൾക്കായി 1.64 കോടി രൂപയാണ് ധനസഹായം നൽകിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ, അഴകൊടി ദേവസ്വം ചെയർമാൻ ടി. രാധാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *