ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചെരിഞ്ഞു
കമലാ സർക്കസ് ഉടമ കെ.ദാമോദരൻ 1957 ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയതാണ് താരയെ.
ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും പ്രായം കൂടിയ ആന താര ചെരിഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂർ ആനക്കോട്ടയിലാണ് പിടിയാന താരയുടെ അന്ത്യം. ഗജമുത്തശ്ശിക്ക് 90 വയസിലേറെ പ്രായമുണ്ട്. ആനത്താവളത്തിലെ പ്രായമേറിയ താര ഗജരാജൻ ഗുരുവായൂർ കേശവൻ്റെ കാലത്ത് ആനക്കോട്ടയിൽ എത്തിയതാണ്.
കമലാ സർക്കസ് ഉടമ കെ.ദാമോദരൻ 1957 മെയ് ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയതാണ് താരയെ. മൂന്നു വർഷമായി വാർധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാൻമാരുടെ
പ്രത്യേക പരിചരണത്തിലായിരുന്നു. അമ്പതു വർഷത്തോളം ഗുരുവായൂരപ്പ സന്നിധിയിൽ സേവനമനുഷ്ഠിച്ചു. ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ ശാന്തമായി തൻ്റെ കടമ നിർവ്വഹിച്ച ആനയായിരുന്നു. ഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു.
താരയ്ക്ക് നാടിൻ്റെ സ്നേഹാഞ്ജലി.
താരയുടെ ഭാതിക ശരീരം ആനകോട്ടയിൽ പൊതുദർശനത്തിന് വെച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട ഭക്തരും ആനപ്രേമികളും ആദരാജ്ഞലിയർപ്പിക്കാൻ എത്തി. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ താരയുടെ ഭൗതിഹ ദേഹം പോസ്റ്റ്മോർട്ടത്തിനായി കോടനാടേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ സംസ്ക്കാര ചടങ്ങുകൾ നടന്നു. ‘ജീവധനം’ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, അസി.മാനേജർ കെ.കെ.സുഭാഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരന്നു.