ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ.വി.കെ.വിജയൻ ചുമതലയേറ്റു
ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.
ഗുരുവായൂർ ദേവസ്വത്തിൻ്റെ 15-ാമത് ചെയർമാനായി തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ റിട്ട. അസോ. പ്രൊഫസര്‍
ഡോ.വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ.വി.കെ. വിജയൻ, മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഡോ. വിജയനെ ചെയർമാനായി തെരഞ്ഞെടുത്തത്.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞാ ചടങ്ങിൽ ദീപം തെളിയിച്ചു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലി കൊടുത്തു. ഭരണ സമിതി അംഗങ്ങളായ അഡ്വ.കെ.വി.മോഹന കൃഷ്ണൻ സ്വാഗതവും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു. സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഡോ.വി.കെ.വിജയൻ തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ
അധ്യാപകനായിരുന്നു.
2014ൽ അസോസിയേറ്റ് പ്രൊഫസറായി സർവ്വീസിൽ നിന്ന് വിരമിച്ചു. കോഴിക്കോട്, കാലടി സർവ്വകലാശാലകളിലെ അക്കാദമിക് കൗൺസിൽ അംഗമായിരുന്നു. രണ്ടു തവണ കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു. എ.കെ.പി.സി.ടി.എ. തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു. പഴഞ്ഞി എം.ഡി കോളേജ് സംസ്കൃത വിഭാഗത്തിൽ നിന്നും വിരമിച്ച പ്രൊഫ. കെ.എൻ.രംഗനായകിയാണ് ഭാര്യ. ഡോ.ആനന്ദ്, അരവിന്ദ് എന്നിവർ മക്കളാണ്.
ഭരണസമിതിയിലെ പുതിയ അംഗമായ ചെങ്ങറ സുരേന്ദ്രൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. രണ്ടു തവണ അടൂരിൽ നിന്ന് പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രസതന്ത്രത്തിൽ എം.എസ്.സി.
ബിരുദധാരിയാണ്. എൽ.എൽ.ബി. ബിരുദവുമുണ്ട്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജി സുരേന്ദ്രനാണ് ഭാര്യ.
ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കും – ദേവസ്വം ചെയർമാൻ
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിൽ മുന്തിയ പരിഗണന നൽകുമെന്ന് ദേവസ്വം ചെയർമാനായി ചുമതലയേറ്റ ഡോ. വി.കെ.വിജയൻ പറഞ്ഞു. ഭക്തജന ക്ഷേമത്തിന് വേണ്ടതെല്ലാം ചെയ്യും. എല്ലാവരുടെയും പിന്തുണയും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെയാണ് ഒന്നാമതായി പരിഗണിക്കേണ്ടതെന്ന് പുതുതായി സ്ഥാനമേറ്റ ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. ഭക്തരുടെ ആത്മസംതൃപ്തിക്കായി കഴിയുന്നതെല്ലാം ചെയ്യണം. ഭക്തരോട് വിവേചനമില്ലാതെ പെരുമാറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ദർശനം: ഓൺലൈൻ രജിസ്ട്രേഷൻ നിബന്ധന ഒഴിവാക്കി
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനം. ചുമതലയേറ്റശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം.