പ്രസാദ ഊട്ടിന് ഗുരുവായൂരിൽ മുപ്പത്തയ്യായിരത്തിലേറെ ഭക്തർ
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണൻ്റെ പിറന്നാൾ സദ്യ ഉണ്ടത് മുപ്പത്തയ്യായിരത്തിലേറെ ഭക്തർ. ഗുരുവായൂരപ്പനെ തൊഴുത് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. പാൽപ്പായസം അടക്കം 14 വിഭവങ്ങളാണ് സദ്യയിൽ ഉണ്ടായിരുന്നത്.
ഒമ്പത് മണിക്കൂറിലേറെ വിശേഷാൽ പ്രസാദ ഊട്ട് നീണ്ടു. രാവിലെ ഒമ്പത് മണിയോടെ തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് തുടങ്ങി. ഗുരുവായൂരപ്പൻ്റെ ഫോട്ടോയ്ക്ക് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം

തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗുരുവായൂരപ്പന് ഇലയിട്ട് ആദ്യ സദ്യ വിളമ്പി. തുടർന്ന് ഭക്തർക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എം.പി. ചെങ്ങറ സുരേന്ദ്രൻ, കെ. ആർ.ഗോപിനാഥ്, മനോജ്.ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
തെക്കേ നടപന്തലിന് പുറമെ അന്ന ലക്ഷ്മി ഹാളിലും അന്ന ലക്ഷ്മി ഹാളിനോട് ചേർന്നുള്ള പന്തലിലും ഒരേസമയം പ്രസാദ ഊട്ട് വിളമ്പി. വൈകുന്നേരം ആറു മണിക്കും ആയിരങ്ങൾ കണ്ണൻ്റെ പിറന്നാൾ സദ്യയിൽ പങ്കെടുത്തു. ഈ സമയം വരെ മുപ്പത്തയ്യായിരത്തിലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു.




















