ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ബാലു ഒന്നാമത്

ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിൻ്റെ ഭാഗമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ ബാലു ഒന്നാമതെത്തി. ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ ദേവദാസ് ഓട്ടചടങ്ങ് പൂർത്തിയാക്കി ക്ഷേത്രത്തിലെത്തി.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യ അവകാശികളിൽ നിന്ന് ഏറ്റു വാങ്ങി പാപ്പാന്മാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണി ആനകൾക്ക് അണിയിച്ചതോടെ  ശംഖനാദം മുഴങ്ങി.

അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ ബാലുവും ചെന്താമരാക്ഷനും ദേവദാസും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. ആദ്യം ചെന്താമരാക്ഷനായിരുന്നു. എന്നാൽ കിഴക്കേ നടയുടെ കവാടത്തിന് മുന്നിൽ ബാലു ചെന്താമരാക്ഷനെ മറി കടന്നു.

ആറ് മിനിട്ടിനകം കൊമ്പൻ ബാലു ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്ന് ഗുരുവായൂരപ്പ സന്നിധിയിലെത്തി. പിന്നാലെ ചെന്താമരാക്ഷനും അല്പം വൈകി ദേവദാസുമെത്തി. ഇനിയുള്ള ഉൽസവ നാളുകളിൽ  ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളാനുള്ള സൗഭാഗ്യം ബാലു ആനയ്ക്കാണ്.

കർശനമായ നാട്ടാന പരിപാലന ചട്ടം പാലിച്ചായിരുന്നു ഇത്തവണ ആനയോട്ടം. ആനകളും ഭക്തജനങ്ങളും തമ്മിലും സുരക്ഷിതമായ അകലം പാലിച്ചു. മൂന്ന് ആനകൾ മാത്രമാണ് പങ്കെടുത്തത്. ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ,  അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *