ഓണത്തെ വരവേൽക്കാൻ കുളക്കടയിലെ പൂക്കൾ
തിരുവോണത്തെ വരവേൽക്കാൻ കുളക്കട ഗ്രാമം ഒരുങ്ങി. കൊല്ലം ജില്ലയിലെ ഈ ഗ്രാമത്തിൽ ഇപ്പോൾ പൂക്കളുടെ മനോഹാരിതയാണ്. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരത്തില്‍ ജമന്തി, വാടാമല്ലി, ബന്ദി, തുടങ്ങിയ പൂക്കളാണ് ഓണത്തെ വരവേല്‍ക്കാന്‍ വിരിഞ്ഞു നിൽക്കുന്നത്. കൃഷിഭവന്റെ പിന്തുണയും സബ്സിഡിയുമാണ് കര്‍ഷകരെ പൂപ്പാടങ്ങളിലേക്ക് ആകര്‍ഷിച്ചത്.
വരുമാനദായകമായ കൃഷിയിലേക്ക് കൂടുതല്‍ പേരെത്തിയതോടെ ആവശ്യകതയും വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങളെമാത്രം ആശ്രയിക്കാതെ നാട്ടിലൊരുക്കിയ പൂക്കൾ ന്യായവിലയ്ക്ക് വിപണിയിലെത്തിക്കാമെന്നായി. കൃഷിഭവന്റെ സഹായത്തോടെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് എട്ട് ടണ്‍ ബന്ദിപ്പൂ വിളവെടുത്തു വിപണിയിലെത്തിച്ചുകഴിഞ്ഞു. ജുലായ് മാസത്തില്‍ കൃഷിഭവന് വിതരണംചെയ്ത ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദിതൈകളാണ് ഓണവിപണിയിലേക്ക് പൂവിട്ടിരിക്കുന്നത്.
പൂര്‍ണ്ണമായി വിരിഞ്ഞ ഒരു ബന്ദിപൂവിന് 60ഗ്രാം തൂക്കമുണ്ട്. 2025-2026 സാമ്പത്തിക വര്‍ഷം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഫണ്ടില്‍നിന്ന് ബന്ദിപ്പൂ കൃഷി ചെയ്യാന്‍ ഒരു ഹെക്ടറിന് 20,000 രൂപ സബ്സിഡി നല്കി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 75 ശതമാനം സബ്സിഡി നിരക്കില്‍ 15 കൃഷികൂട്ടങ്ങള്‍ക്ക് ബന്ദിപ്പൂത്തൈകള് വിതരണംചെയ്തു. വിപണിയില്‍ അഞ്ച് രൂപ വില വരുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്തത്. തൈനട്ട് 45 ദിവസത്തിനകം വിളവെടുത്തു.
2025-2026 സാമ്പത്തിക വര്‍ഷം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഫണ്ടില്‍ നിന്ന് വാടാമല്ലിയും ജമന്തിയും കൃഷിചെയ്യാന്‍ ഒരു ഹെക്ടറിന് 20,000 രൂപ സബ്സിഡി നല്കി. വാടാമല്ലി 50 സെന്റിലും ജമന്തി 30 സെന്റിലും കൃഷി ചെയ്ത് വിളവെടുപ്പിന് തയ്യാറായി. വാടാമല്ലിക്ക് വിപണിയില്‍ കിലോയ്ക്ക് 400 രൂപയും ജമന്തിക്ക് കിലോ 300 രൂപ വിലയുമുണ്ട്.
ജമന്തിയുടേയും വാടാമല്ലിയുടെയും തൈനട്ട് 60 ദിവസത്തിനകം വിളവെടുക്കാന്‍ കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ വാടാമല്ലി കൃഷിചെയ്ത് 1500 കിലോയും ജമന്തി 1000 കിലോയും വിളവെടുത്തിരുന്നു. വെള്ള, വൈലറ്റ് നിറത്തിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് കുളക്കട കൃഷിഓഫീസര്‍ സതീഷ് കുമാര്‍ വ്യക്തമാക്കി.




















