വയനാടിന് സി.എസ്.ആർ ഫണ്ടുമായി അഞ്ച് കമ്പനികൾ

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് കണ്ടെത്താന്‍  വയനാട് ജില്ലാ ഭരണകൂടം സി.എസ്. ആർ. കോണ്‍ക്ലേവ് ‘വൈഫൈ- 25’ (വയനാട് ഇനീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്റ്റ്) സംഘടിപ്പിച്ചു.

അഞ്ചു കമ്പനികൾ അഞ്ചു പദ്ധതികൾക്കായി 70 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിന് പുറമെ മറ്റ് ഒൻപത് കമ്പനികൾ വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. സി.എസ്. ആർ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍.ജി.ഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ചാണ് കോൺക്ലേവ് നടത്തിയത്.

വിദ്യാഭ്യാസം, നൈപുണി, ഇൻക്ലൂസീവ് ഗ്രോത്ത്, പട്ടികവർഗ വികസനം, കൃഷി, വ്യവസായം, ഗ്രാമീണ സംരംഭകത്വം, സുരക്ഷിത വിനോദസഞ്ചാരവും അടിസ്ഥാനസൗകര്യ വികസനവും ഭക്ഷ്യസംസ്‌ക്കരണം, അംഗനവാടി, ഔഷധ സസ്യങ്ങൾ എന്നീ മേഖലകളിലാണ് അഞ്ചു കമ്പനികൾ 70 ലക്ഷം രൂപയുടെ ഫണ്ട്  നൽകാമെന്ന് ഉറപ്പ് നൽകിയത്.

വയനാട് സപ്ത റിസോർട്ടിൽ നടന്ന കോണ്‍ക്ലേവിൽ 65 കമ്പനികളിൽ നിന്നുള്ള 133 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധികൾക്ക് മുൻപാകെ 21 സർക്കാർ വകുപ്പുകൾ 23 കോടി രൂപയുടെ 56 പ്രൊജക്റ്റുകളാണ് അവതരിപ്പിച്ചത്. പദ്ധതികൾ കമ്പനിയുടെ ബോർഡിൽ അവതരിപ്പിച്ചശേഷം കൂടുതൽ സഹായം ലഭ്യമാക്കാമെന്നും പ്രതിനിധികൾ ഉറപ്പ് നൽകി.

കൃഷി വകുപ്പിന്റെ പദ്ധതികളായ ഹരിത സഞ്ചാരി, ഹരിതം, പൂക്കോട് തടാകത്തിൽ സോളാർ ബോട്ട്, എം.ആർ.എസ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം, പഠന സഹായം, കണിയാമ്പറ്റ എം.ആർ.എസ് സ്കൂളിൽ കായിക ഉപകരണങ്ങൾ, പട്ടികവർഗ വികസന വകുപ്പിന് രണ്ട് ആംബുലൻസുകൾ, പ്രീ-മെട്രിക് ഹോസ്‌റ്റലുകളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ എന്നിവ ഫണ്ട് വാഗ്ദാനം ലഭിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു.

ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. ദേവകി, സബ് കളക്ടർ സാഗർ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ എന്നിവർ സംബന്ധിച്ചു. കേന്ദ്ര, സംസ്ഥാന പൊതുമേഖല കമ്പനികളുടെ പ്രതിനിധികൾക്ക് പുറമെ സംസ്ഥാനത്ത് നിന്നും ബെംഗളൂരു, ചെന്നൈ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്വകാര്യ കോർപറേറ്റ് കമ്പനിമാരുടെ പ്രതിനിധികളും കോണ്‍ക്ലേവിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *