സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ സമ്മാനിച്ചു

സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മന്ത്രി സജി ചെറിയാൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളത്തിലെ മത്സ്യ മേഖല പുത്തൻ ഉണർവിലേക്ക് നീങ്ങുന്ന കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. അഡാക്, മത്സ്യഫെഡ്, തീരദേശ വികസന കോർപ്പറേഷൻ, ഹാർബർ എൻജിനീയറിങ് തുടങ്ങിയ  സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. നബാർഡ് വഴിയും യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചകളുടെ ഫലമായും അടുത്തമാസം 18, 19 തീയതികളിൽ കോൺക്ലേവ് സംഘടിപ്പിക്കും.  -മന്ത്രി പറഞ്ഞു

ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍  അധ്യക്ഷനായി. മത്സ്യ കൃഷിക്ക് അനുയോജ്യമായതും മത്സ്യഉപഭോഗം കൂടുതലുള്ളതുമായ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം വിപണനം ചെയ്യുന്ന ആന്ധ്രയുടെ  മാതൃകയിൽ കേരളം മാറണം. അവാർഡ് നേടിയ കർഷകരുടെ നല്ല മാതൃക മറ്റുള്ള കർഷകർക്ക് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

കടലോര പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന ക്യാമ്പയിനായ  ശുചിത്വ സാഗരം സുന്ദര തീരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് കടൽതീരം മുഴുവനും മാലിന്യമുക്തമാക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രോഫിയും 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഏറ്റുവാങ്ങി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യ കർഷക അവാർഡുകളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും  നൽകി. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ഒമ്പത് തീരദേശ ജില്ലകളിലെയും മികച്ചപ്രകടനം കാഴ്ചവച്ച  ധർമ്മടം ഗ്രാമപഞ്ചായത്തിനും കണ്ണൂർ കോർപ്പറേഷനും 10000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറി.

ഫിഷറീസ് അഡീഷണൽ ഡയറക്ടർ  സ്മിത ആർ. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുള്‍ നാസർ, കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, ഫിഷറീസ് ദക്ഷിണമേഖല ജോയിൻ്റ് ഡയറക്ടർ എസ്. സന്തോഷ് കുമാർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ തുടങ്ങിയവര്‍ പങ്കെടുത്തു.