ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കി -മുഖ്യമന്ത്രി

നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്.

വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സർക്കാരിന്റെ ലഹരി വരുദ്ധ പ്രവർത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയിൽ മാതൃകാപരമായി ഏകോപിപ്പിച്ചു. വ്യക്തി ശുദ്ധി നിലനിർത്തി പ്രവർത്തന മികവ് ശാരദ മുരളീധരൻ തുടർന്നു എന്നത് ശ്രദ്ധേയമാണ്.

സ്ത്രീകളെ മാറ്റി നിർത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തിൽ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകൾ പുരുഷൻമാർക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാൻ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴുമുള്ളപ്പോൾ സാമൂഹിക ദുഷിപ്പുകൾക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.

കർമോൽസുകതയാർന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു.

ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതിൽ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ഇഷ്ടപ്പെട്ട ജോലികൾ ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും സന്തോഷവുമുണ്ട്.

അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തിൽ പങ്കാളിയാകാനും അത് കേരള സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അറിയാൻ കഴിഞ്ഞതും  മികച്ച  അനുഭവമാണ്- ശാരദാ മുരളീധരൻ പറഞ്ഞു. നിയുക്ത ചീഫ് സെക്രട്ടറി എ. ജയതിലക് സ്വാഗതവും പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *