നെറ്റിപ്പട്ടം, ഷർട്ട്, ചെരുപ്പ്… വൈവിധ്യമാർന്ന ഉല്പന്നങ്ങളുമായി ജയിൽ വകുപ്പ്
ഷർട്ട്, ഓയിൽ പെയിന്റിംഗ്, നെറ്റിപ്പട്ടം, , കുട, കാർവാഷ്, ഫിനോയിൽ, ഡിഷ് വാഷ്, പക്കാവട, ലഡു, അച്ചപ്പം, മുറുക്ക്, തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി ജയിൽ വകുപ്പ്. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന -വിപണന മേളയിലാണിത്. ഫ്രീഡം പ്രോഡക്ട്സ് എന്ന പേരിൽ ഉല്പന്നങ്ങൾ ഒരുക്കി മേളയിലെത്തുന്നവരുടെ ശ്രദ്ധ നേടുകയാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ.
വിവിധ ജയിലുകളിലെ തടവുകാർ നിർമ്മിച്ച വ്യത്യസ്ത ഉത്പന്നങ്ങളാണ് സ്റ്റാളിൽ വിൽപ്പനയ്ക്കായി വെച്ചിട്ടുള്ളത്. വനിത ജയിലിലെ തടവുകാരാണ് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കിയത്. ഷർട്ടിന് 400 രൂപ മുതലാണ് വില. 2500 രൂപയാണ് നെറ്റിപ്പട്ടത്തിന്റെ വില. 1000 രൂപ മുതൽ വിലയുള്ള ഓയിൽ പെയ്ന്റിങ്ങുകളും വിൽപനയ്ക്കുണ്ട്. തടവുകാരിൽ കലാ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.
തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് സമൂഹത്തിൽ മാന്യമായ തൊഴിലെടുത്ത് ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പരിശീലനം നൽകുന്നതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഷാജിമോൻ പറഞ്ഞു. ആലപ്പുഴ ജില്ല ജയിൽ സൂപ്രണ്ട് ശ്രീകുമാറിന്റെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥരായ ടിന്റു, മനു കാർത്തികേയൻ, സജേഷ്, അനസ് എന്നിവരാണ് സ്റ്റാളിലുള്ളത്.