കൊല്ലം @75 പ്രദര്‍ശന വിപണന മേള മാർച്ച് 3 മുതൽ
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ കൊല്ലം @ 75 പ്രദര്‍ശന വിപണന മേള നടത്തുന്നു. കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം.
കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും.
വിവിധ വകുപ്പുകളുടെ തീം-വിപണന സ്റ്റാളുകള്‍, പുസ്തക മേള, സാഹിത്യചര്‍ച്ച, കവിയരങ്ങ് എന്നിവ നടക്കും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ വൈകുന്നേരങ്ങളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് മേള. 40,000 സ്‌ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച ഇരുന്നൂറി ലധികം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 60 ഓളം സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നുണ്ട്. 95 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്‍പനയും നടത്തും.
വൈകുന്നേരങ്ങളില്‍ കലാ പരിപാടികള്‍:
മാര്‍ച്ച് മൂന്ന് മുതല്‍ എട്ട് വരെ വൈകുന്നേരങ്ങളിൽ ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. മൂന്നിന് രൂപ രേവതി നയിക്കുന്ന വയലിന്‍ ഫ്യൂഷന്‍, നാലിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 51 കലാകാരന്മാര്‍ അണിനിരക്കുന്ന ചെണ്ടമേളം എന്നിവ ഉണ്ടാകും.
അഞ്ചിന് തേക്കിന്‍ക്കാട്- ആട്ടം ബാന്‍ഡ് ഫ്യൂഷന്‍ മ്യൂസിക്ക്. ആറിന് ഗായകന്‍ അലോഷിയുടെ സംഗീത വിരുന്ന്. ഏഴിന് അതുല്‍ നറുകര ബാന്‍ഡും എട്ടിന് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതനിശയും അരങ്ങേറും.